ad
Deshabhimani

print edition ഇ20 നയം തിരുത്തണം

e20 petrol
വെബ് ഡെസ്ക്

Published on Aug 08, 2026, 01:16 AM | 1 min read

ന്യൂഡൽഹി: ഇരുപത്‌ ശതമാനം എഥനോൾ കലർത്തിയ പെട്രോൾ വിൽപ്പന നയം കേന്ദ്രസർക്കാർ തിരുത്തണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വലിയ ജനരോഷത്തെയും പ്രതിഷേധങ്ങളെയും അഭിമുഖീകരിക്കേണ്ടി വരും. പെട്രോളിൽ എഥനോൾ കലർത്തുന്നത്‌ ആശങ്കാജനകമാണ്‌. ഇതുമൂലം വാഹനങ്ങൾക്കുണ്ടാക്കുന്ന കേടുപാടുകൾ വിശദീകരിച്ച്‌ വാഹനനിർമാതാക്കളുടെ സൊസൈറ്റി പെട്രോളിയം മന്ത്രാലയത്തിന്‌ കത്തയച്ചിരുന്നു. സർക്കാർ സമർദത്തെ തുടർന്ന്‌ പിന്നീട്‌ കത്ത്‌ പിൻവലിച്ചുവെങ്കിലും ആശങ്കകൾക്ക്‌ പരിഹാരമായിട്ടില്ല.


എഥനോൾ മിശ്രിത നയം പുറത്തുവിട്ട ഘട്ടത്തിൽ ശുദ്ധമായ പെട്രോളിനേക്കാൾ വിലക്കുറവുണ്ടാകുമെന്ന്‌ ഉറപ്പുനൽകി. എന്നാൽ ശുദ്ധമായ പെട്രോളിന്റെ അതേ വിലയ്‌ക്കാണ്‌ വിൽക്കുന്നത്‌. മൈലേജ്‌ നഷ്ടവും വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകളും സഹിച്ചാണ്‌ ഉപയോക്താക്കൾ കൂടിയ വിലയ്‌ക്ക്‌ ഇ20 പെട്രോൾ വാങ്ങാൻ നിർബന്ധിതരാകുന്നത്‌.


രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ പട്ടിണിയിലും പോഷകാഹാര കുറവിലും കഴിയുമ്പോഴാണ്‌ ഭക്ഷ്യധാന്യങ്ങൾ ഇന്ധന ഉൽപ്പാദനത്തിനായി വകമാറ്റുന്നതെന്ന വിരോധാഭാസവുമുണ്ട്‌. എഥനോൾ ഉൽപ്പാദനം വർധിപ്പിക്കാനായി ഇപ്പോൾ ചോളവും ഇറക്കുമതി ചെയ്യുകയാണ്‌. വൻകിട കുത്തകകൾക്കും വമ്പൻ പഞ്ചസാര ഫാക്ടറികൾക്കും മാത്രം ഗുണകരമായ ഇ20 നയം വിള രീതികളിൽ പോലും മാറ്റം വരുത്തുകയാണ്‌. വെള്ളം കൂടുതലായി ആവശ്യമുള്ള വിളകളുടെ കൃഷി ജലസ്രോതസ്സുകളെ കൂടുതലായി ഇല്ലാതാക്കും.


കോർപ്പറേറ്റ്‌ ലാഭത്തിന്‌ പ്രാമുഖ്യം നൽകുന്ന മോദി സർക്കാരിന്റെ നയനിലപാടുകൾ തന്നെയാണ്‌ ഇ20 യുടെ കാര്യത്തിലുമുള്ളത്‌. ഭക്ഷ്യസുരക്ഷയെയും കർഷക, ഉപഭോക്‌തൃ താൽപ്പര്യങ്ങളെയും പരിസ്ഥിതി സുസ്ഥിരതയെയും ബാധിക്കുന്ന നയം തുടരരുത്‌. പെട്രോളിയം ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നതിൽ കുറവ് വരുത്തേണ്ടതുണ്ടെങ്കിലും ഭക്ഷ്യസുരക്ഷയെയും പാരിസ്ഥിതിക ആശങ്കകളെയും ഉപഭോക്‌തൃ താൽപ്പര്യങ്ങളെയും ബലി കഴിക്കരുത്‌.


ഇ20 പെട്രോളിനൊപ്പം ശുദ്ധമായ പെട്രോളും പമ്പുകളിൽ ലഭ്യമാക്കണം. ഇ20 പെട്രോൾ കുറഞ്ഞ വിലയ്‌ക്ക്‌ നൽകണം. എഥനോൾ മിശ്രിതം 20 ശതമാനത്തിൽ കൂടുതലാകരുത്‌. യുഎസ്‌ താൽപ്പര്യപ്രകാരം ജനിതകമാറ്റം വരുത്തിയ ചോളം ഇറക്കുമതി നീക്കത്തിൽ നിന്ന്‌ സർക്കാർ പിന്തിരിയണമെന്നും പിബി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home