print edition പൊരുതുന്ന തൊഴിലാളികൾക്കൊപ്പം: സിപിഐ എം

ന്യൂഡൽഹി: തൊഴിൽ കോഡുകളുടെ ഏകപക്ഷീയമായ നടപ്പാക്കലിനെതിരായി പൊരുതുന്ന തൊഴിലാളികൾക്കൊപ്പം നിലയുറപ്പിക്കുമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ വ്യക്തമാക്കി. തൊഴിലാളികൾക്കുള്ള പിന്തുണ തുടരും. ഏപ്രിൽ ഒന്ന് മുതൽ തൊഴിൽ കോഡുകൾ നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിയുന്നതുവരെ കാത്തിരുന്നു. തെരഞ്ഞെടുപ്പ് ഫലംവന്നതിന് പിന്നാലെ ഇവ പ്രാബല്യത്തിലാക്കി. കേന്ദ്ര ബിജെപി സർക്കാരിന്റെ വഞ്ചനാപരമായ നിലപാടാണ് വെളിപ്പെടുന്നത്. മിനിമം വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് തൊഴിലാളികൾ സമരപ്രക്ഷോഭങ്ങളിൽ ഏർപ്പെടുമ്പോഴാണ് തൊഴിൽ കോഡുകൾ നടപ്പാക്കുന്നത്.
ഭരണഘടനാപ്രകാരമുള്ള നിയമനിർമാണ അധികാരങ്ങൾ ഉപയോഗപ്പെടുത്തി ആവശ്യമായ തിരുത്തലുകൾ സംസ്ഥാനങ്ങൾ കൊണ്ടുവരണം. കേന്ദ്ര ചട്ടങ്ങൾ പ്രകാരം കോഡുകൾ നടപ്പാക്കാതെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണം. രണ്ടുമാസമായി രാജ്യതലസ്ഥാന മേഖലയിലടക്കം വിവിധയിടങ്ങളിൽ തൊഴിലാളികൾ പ്രക്ഷോഭത്തിലാണ്.
കരാർ തൊഴിലാളികളും കുടിയേറ്റ തൊഴിലാളികളും അസംഘടിത തൊഴിലാളികളുമാണ് പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗവും. സാമൂഹികമാധ്യമങ്ങളും മറ്റും കാര്യക്ഷമായി ഉപയോഗിച്ചാണ് ഇവർ സംഘടിച്ചത്. പലയിടത്തും നയിക്കാൻ യൂണിയനുകൾ ഇല്ലാതെയുള്ള പ്രക്ഷോഭങ്ങളുടെ പൊട്ടിപുറപ്പെടലാണുണ്ടായത്. മിനിമം കൂലിയും മറ്റും നേരിയ തോതില്ലെങ്കിലും വർധിപ്പിക്കാൻ പ്രക്ഷോഭങ്ങൾ കാരണമായി.
യുപിയിലെ ബിജെപി സർക്കാർ പൊലീസിനെ ഉപയോഗിച്ച് പ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയാണുണ്ടായത്. നൂറുകണക്കിന് തൊഴിലാളികളെ ജയിലിലടച്ചു. ഇരുന്നൂറോളം പേർ ഇപ്പോഴും ജയിലിലാണ്. ഇവരെ എത്രയും വേഗം മോചിപ്പിച്ച് കേസുകൾ പിൻവലിക്കണം. പ്രക്ഷോഭങ്ങളെ ക്രമസമാധാന വിഷയമായി കാണാതെ തൊഴിൽ തർക്കമായി കണ്ട് പരിഹരിക്കണം– പിബി ആവശ്യപ്പെട്ടു.











0 comments