സംസ്ഥാനങ്ങൾ സാമന്തരല്ല ; ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്നത് സ്വേച്‌ഛാധിപത്യപരം

സെമിനാർ വേദിയിൽ മുഖ്യമന്ത്രിമാരായ എം കെ സ്‌റ്റാലിനും പിണറായി വിജയനും ഹസ്‌തദാനം ചെയ്യുന്നു. ഫോട്ടോ: പി വി സുജിത്

എൻ എസ് സജിത്
Published on Apr 04, 2025, 02:30 AM | 2 min read
സീതാറാം യെച്ചൂരി നഗർ (മധുര) : അധികാരം കേന്ദ്രീകരിക്കുകയും ഭരണഘടനാദത്തമായ ഫെഡറൽ തത്വങ്ങൾ കുഴിച്ചുമൂടുകയും ചെയ്യുന്ന യൂണിയൻ സർക്കാരിന്റെ സാമന്തരല്ല ഇന്ത്യൻ സംസ്ഥാനങ്ങളെന്ന് കേരളവും തമിഴ്‌നാടും കർണാടകയും പ്രഖ്യാപിച്ചു. അവകാശപ്പെട്ട രാഷ്‌ട്രീയാധികാരങ്ങൾക്കും ധനവിഹിതത്തിനും വേണ്ടി യൂണിയൻ സർക്കാരിനുമുന്നിൽ യാചകരെപ്പോലെ ഓച്ഛാനിച്ചു നിൽക്കേണ്ടവരല്ല സംസ്ഥാനങ്ങൾ. ബിജെപി സർക്കാരിന്റെ അധികാര കേന്ദ്രീകരണത്തിനെതിരെ സംസ്ഥാനങ്ങളുടെ ഐക്യനിരവേണമെന്നും സിപിഐ എം 24–-ാം പാർടി കോൺഗ്രസിനോട് അനുബന്ധിച്ച് നടന്ന ‘ഫെഡറലിസം ഇന്ത്യയുടെ കരുത്ത്’ സെമിനാർ അഭിപ്രായപ്പെട്ടു.
കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം കെ സ്റ്റാലിനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതിനിധിയായെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം സി സുധാകറുമാണ് കേന്ദ്രനീക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ചത്. ഇന്ത്യയെന്നാൽ സംസ്ഥാനങ്ങളുടെ യൂണിയനാണെന്ന ഭരണഘടനയിലെ വാക്കുകൾ അട്ടിമറിച്ച് ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്നത് സ്വേച്‌ഛാധിപത്യപരമാണെന്ന അഭിപ്രായമാണ് നേതാക്കൾ പങ്കുവച്ചത്.
ഫെഡറലിസം സംരക്ഷിക്കാനുള്ള സമരം ഇന്ത്യയെ ഐക്യത്തോടെ നിലനിർത്താനും ജനാധിപത്യം സംരക്ഷിക്കാനുമുള്ള പോരാട്ടമാണെന്ന് സെമിനാറിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ കോ–ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു. ബിജെപിയിതര സംസ്ഥാനങ്ങൾക്കുമേൽ ഗവർണർമാരെ ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയാണ്. കേരളവും തമിഴ്‌നാടും കർണാടകവും ഇതിന് സാക്ഷിയാണ്–- കാരാട്ട് പറഞ്ഞു.
കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവിന് ഇടയാക്കുംവിധം സംസ്ഥാനങ്ങളെ സാരമായി ബാധിക്കുന്ന അന്താരാഷ്ട്ര ഉടമ്പടികളിൽ യൂണിയൻ സർക്കാർ ഏർപ്പെടുമ്പോൾ സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. - സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ വളരെക്കാലമായി രാജ്ഭവനുകളിൽ കെട്ടിക്കിടക്കുന്നു. ബില്ലുകൾ വൈകിപ്പിക്കുകയും ചിലപ്പോൾ സാധുവായ കാരണമില്ലാതെ അനുമതി നിഷേധിക്കുകയും ചെയ്യുന്നത് ഫെഡറലിസത്തിനും ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണ്–- പിണറായി പറഞ്ഞു.
ബിജെപി ഭരണം അവസാനിച്ചാൽ മാത്രമേ രാജ്യത്ത് സംസ്ഥാന സ്വയംഭരണാവകാശവും - ഫെഡറലിസവും - സാമൂഹ്യനീതിയും -മതസൗഹാർദവും പുലരൂ എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. ചുരുക്കത്തിൽ ബിജെപി ഭരണം അവസാനിച്ചാൽ ഇന്ത്യയിൽ ഫെഡറലിസം തഴച്ചുവളരും. അതിനായി തങ്ങൾ ഇന്ത്യയിലുടനീളം ജനാധിപത്യ ശക്തികളെ അണിനിരത്തുമെന്നും സ്റ്റാലിൻ പറഞ്ഞു.
രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രത്തിലൊരിക്കലും സഹകരണാത്മക ഫെഡറലിസം ഇത്രയും രൂക്ഷമായ ആക്രമണം നേരിട്ടിട്ടില്ലെന്ന് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം സി സുധാകർ പറഞ്ഞു. വരൾച്ചാദുരിതാശ്വാസം തടഞ്ഞുവച്ചതിനെതിരെ കർണാടകത്തിന് സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നു –- അദ്ദേഹം പറഞ്ഞു.
സെമിനാറിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ ബാലകൃഷ്‌ണൻ അധ്യക്ഷനായി. മധുര അർബൻ ജില്ലാ സെക്രട്ടറി എം ഗണേശൻ സ്വാഗതം പറഞ്ഞു.










0 comments