ad
Deshabhimani

മൂന്നു വർഷം 
അഞ്ച്‌ മഹാരഥന്മാർ ; പകരം വയ്‌ക്കാനില്ലാത്ത പ്രതിഭകൾ

cpim leaders
avatar
എൻ എസ്‌ സജിത്‌

Published on Jul 23, 2025, 02:23 AM | 1 min read


തിരുവനന്തപുരം

2022 മുതൽ 2025 വരെ മൂന്നു വർഷത്തിൽ സിപിഐ എമ്മിന്‌ നഷ്‌ടമായത്‌ അഞ്ച്‌ മഹാരഥന്മാരെ. അഞ്ചുപേരും സംഘാടന വൈഭവം കൊണ്ടും ജനകീയതകൊണ്ടും നാടിന്റെ പ്രിയപ്പെട്ടവരായി മാറിയ മുതിർന്ന നേതാക്കൾ. പകരം വയ്‌ക്കാനില്ലാത്ത പ്രതിഭകൾ.


2022 ഒക്‌ടോബർ ഒന്നിനാണ്‌ പൊളിറ്റ്‌ബ്യൂറോ അംഗവും മുൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്റെ വേർപാട്‌. അർബുദ ബാധിതനായിരുന്ന അദ്ദേഹം രോഗം ഭേദമായി തിരിച്ചുവരുമെന്ന്‌ കുടുംബവും പാർടി പ്രവർത്തകരും നേതാക്കളും പ്രതീക്ഷിച്ച ഘട്ടത്തിലാണ്‌ ചെന്നൈയിലെ ആശുപത്രിയിൽ നിര്യാതനായത്‌.


2023 നവംബർ 15നാണ്‌ സിപിഐ എം സ്ഥാപക നേതാക്കളിൽ ഒരാളായ എൻ ശങ്കരയ്യ വിട്ടുപിരിഞ്ഞത്‌. 102 വയസ്സിലും സജീവമായിരുന്ന ഇന്ത്യൻ തൊഴിലാളിവർഗ പ്രസ്ഥാനത്തിനാകെ വഴികാട്ടിയ എൻ ശങ്കരയ്യ തമിഴ്‌നാട്ടിലെ ഏറ്റവും ആദരണീയരായ നേതാക്കളിൽ ഒരാളായിരുന്നു. അവിഭക്ത പാർടിയുടെ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന് സിപിഐ എം രൂപീകരിക്കാൻ തുടക്കമിട്ട ദേശീയ കൗൺസിലിലെ 32 അംഗങ്ങളിലൊരാൾ. സ്വാതന്ത്ര്യസമര സേനാനിയായ എൻ എസ്‌ 1995–- 2002 കാലത്ത്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്നു.


കഴിഞ്ഞ ആഗസ്‌ത്‌ എട്ടിനായിരുന്നു മുൻ പൊളിറ്റ്‌ബ്യൂറോ അംഗവും പശ്‌ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ്‌ ഭട്ടാചാര്യ അന്തരിച്ചത്‌. 2000 മുതൽ 2011 വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ദീർഘകാലമായി ചികിത്സയിലായിരുന്നു.


ബുദ്ധദേബിന്റെ വേർപാടിന്‌ 35 ദിവസം തികയുന്ന നാളിൽ 2024 സപ്തംബർ 12നാണ്‌

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചത്‌. ഈ ചുമതലയിലിരിക്കെ നിര്യാതനായ ഏക നേതാവ്‌. യെച്ചൂരിയെപ്പോലൊരു രാഷ്‌ട്രീയ പ്രതിഭയുടെ സാന്നിധ്യം ഇന്ത്യൻ രാഷ്‌ട്രീയത്തിൽ അനിവാര്യമായ ഘട്ടത്തിലായിരുന്നു അവിചാരിതമായ വേർപാട്‌. ഒടുവിൽ ഇതാ ആധുനിക കേരളത്തിന്റെ ശിൽപ്പികളിൽ ഒരാളായ വിപ്ലവസൂര്യൻ വിഎസ്സും നമ്മിൽനിന്ന്‌ അകലുന്നു. വിഎസ്സിനെ കേരളത്തിന്റെ ഫിദൽ കാസ്‌ട്രോ എന്ന്‌ വിശേഷിപ്പിച്ച യെച്ചൂരിയുടെ ഒന്നാം ചരമ വാർഷികത്തിന്‌ ആഴ്‌ചകൾ ബാക്കിനിൽക്കെ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home