സോനം വാങ്ചുക്കിനെ സന്ദർശിക്കാനെത്തിയ സിപിഐ എം എംപി അമ്ര റാമിനെ തടഞ്ഞു

ജോധ്പൂർ: ജയിലിൽ അടയ്ക്കപ്പെട്ട ലഡാക്കി ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ കാണാനെത്തിയ സിപിഐ എം എംപി അമ്ര റാമിന് സന്ദർശനാനുമതി നിഷേധിച്ചു. ജോധ്പൂർ സെൻട്രൽ ജയിൽ അധികാരികൾ എംപിയെ അനുമതി നൽകാതെ തിരിച്ചയച്ചു. അരമണിക്കൂറോളം കാത്തിരുത്തിയ ശേഷമാണ് അനുമതി നിഷേധിച്ചത്.
സന്ദർശനത്തിനുള്ള അനുമതി നൽകാതിരുന്നത് ഏത് സാഹചര്യത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് എം പി ആവശ്യപ്പെട്ടു. നിരാഹാര സമരത്തിലൂടെ വാഗ്ദാനങ്ങൾ നിറവേറ്റണമെന്ന് ആവശ്യപ്പെടുകയാണ് സോനം ചെയ്തത്. ലഡാക്കിലെ ധീരരായ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളായ പരിസ്ഥിതി സംരക്ഷണം, സാംസ്കാരിക സംരക്ഷണം, പ്രാദേശിക സ്വയംഭരണം എന്നിവയെ പിന്തുണയ്ക്കുന്നതായും പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരമാണ് സിക്കാർ എംപി അമ്ര റാം ജയിലിലേക്ക് എത്തിയത്. പ്രധാന ഗേറ്റിൽ നിന്ന് കുറച്ച് അകലെ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കയാണ്. വാങ്ചുക്കിനെ കാണാൻ അനുമതി തേടി ജയിൽ സൂപ്രണ്ടിന് അപേക്ഷ നൽകി എങ്കിലും നിയമങ്ങൾ ഉദ്ധരിച്ച് സാധ്യമല്ലെന്ന് വാദിച്ചു. ഇത് സംബന്ധിച്ച് രേഖാമൂലം മറുപടി നൽകിയില്ല.
സിപിഐ എം രാജസ്ഥാൻ സംസ്ഥാന സെക്രട്ടറി കിഷൻ പരീഖ്, മുൻ ധൗദ് എംഎൽഎ പേമ റാം, മുതിർന്ന കിസാൻ സഭ നേതാവ് ഭഗീരഥ് നെതാദ്, ജോധ്പൂർ ജില്ലാ പാർട്ടി സെക്രട്ടറി കിഷൻ മേഘ്‌വാൾ എന്നിവരോടൊപ്പമായിരുന്നു എം പി എത്തിയത്.
ഈ സംഭവം സോനത്തിന്റെ വ്യക്തിപരമായ അവകാശങ്ങളെ ലംഘിക്കുക മാത്രമല്ല, മുഴുവൻ രാജ്യത്തിന്റെയും ജനാധിപത്യ മൂല്യങ്ങളെ നേരിട്ട് ആക്രമിക്കുകയും ചെയ്യുന്നു എന്ന് അമ്ര റാം പ്രതികരിച്ചു.
ജയിലിന് പുറത്ത് ബാരിക്കേഡും വൻ പൊലീസ് സന്നാഹവും
സെപ്റ്റംബർ 24 ന് അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പ്രേരിപ്പിച്ചുവെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തി ലേയിൽ നിന്നാണ് വാങ്ചുകിനെ കസ്റ്റഡിയിൽ എടുത്ത് ജോധ്പൂർ ജയിലിൽ അടച്ചത്.
ലഡാക്കിലേക്ക് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ നീട്ടലും ആവശ്യപ്പെട്ടുള്ള പ്രസ്ഥാനത്തിന്റെ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. വാങ്ചുക്ക് ഒരു തീവ്രവാദിയല്ല, അദ്ദേഹവുമായുള്ള ഒരു കൂടിക്കാഴ്ച പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. വാങ്ചുക്കുമായി കൂടിക്കാഴ്ച നടത്താൻ എപ്പോൾ, ഏതൊക്കെ സാഹചര്യങ്ങളിൽ അനുമതി നൽകുമെന്ന് സർക്കാർ വ്യക്തമാക്കണം എന്ന് എംപി പറഞ്ഞു.
കേന്ദ്ര സർക്കാർ ലഡാക്കിലെ ജനങ്ങളോട് വഞ്ചനയും അടിച്ചമർത്തൽ മനോഭാവവും തുടരുകയാണ് എന്ന് അമ്രറാം പറഞ്ഞു.
വാങ്ചുകിനെ ജോധ്പൂരിലേക്ക് കൊണ്ടുവന്നതിനുശേഷം ജയിലിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ബാരിക്കേഡുകൾ സ്ഥാപിച്ചു. സെൻട്രൽ ജയിലിന്റെ പ്രധാന ഗേറ്റിൽ നിന്ന് ദൂരത്തിൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കയാണ്.
പ്രദേശത്തുകൂടി കടന്നുപോകുന്ന ആരെയും ചോദ്യം ചെയ്യാതെയും സാധുവായ കാരണമില്ലാതെയും കൂടുതൽ മുന്നോട്ട് പോകാൻ അനുവദിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. സിസിടിവി ക്യാമറകൾ വഴി ജയിൽ പരിസരത്തും പുറത്തും പോലീസ് നിരീക്ഷണം നടത്തുകയും ചെയ്യുന്നു.
''ജനാധിപത്യം സംരക്ഷിക്കാൻ നാം ജാഗ്രത പാലിക്കണമെന്ന് ഈ സംഭവം മുന്നറിയിപ്പ് നൽകുന്നു. ഞങ്ങളുടെ പ്രതിനിധി സംഘം തിരിച്ചെത്തി, പക്ഷേ പോരാട്ടം അവസാനിക്കില്ല...
സോനം വാങ്ചുക്കിനെപ്പോലുള്ള ഒരു ദേശസ്‌നേഹിയെ ജയിലിലടച്ച് രാജ്യത്തെ ദുർബലപ്പെടുത്താൻ കഴിയില്ല. ഈ കോപം പൊതുജനരോഷം ഇളക്കിവിടും. ബിജെപിയുടെ പദ്ധതികൾ നിറവേറ്റാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല. നമ്മുടെ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു - ലഡാക്കിന്റെ ശബ്ദം ഒരിക്കലും അടിച്ചമർത്തപ്പെടില്ല... സിക്കർ എം പി തുടർന്ന് എഫ് ബിയിൽ കുറിച്ചു.










0 comments