ത്രിപുരയിൽ ദമ്പതികളെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്

ത്രിപുര: ത്രിപുര സൗത്ത് ജില്ലയിൽ ദമ്പതികളെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് മുഹുരിപൂർ സ്വദേശികളായ ശങ്കർ ചക്രവർത്തി (65), ഭാര്യ ഛബി ചക്രവർത്തി (49), മകൻ കൃഷ്ണ ചക്രവർത്തി (27) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ദാരുണ സംഭവം നടന്നത്.
മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മറ്റ് സാധ്യതകളും പുറത്തുനിന്നുള്ളവരുടെ പങ്കാളിത്തവും അടക്കം എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. ദമ്പതികളുടെ രക്തം പുരണ്ട മൃതദേഹങ്ങൾ വീടിനുള്ളിൽ നിന്നും മകൻ കൃഷ്ണയുടെ മൃതദേഹം അതേ മുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ബൈഖോറ, ബെലോണിയ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും സൗത്ത്ത്രിപുര അഡീഷണൽ എസ്.പി ദീപ്തനു ബിശ്വാസിന്റെ നേതൃത്വത്തിലുള്ള സംഘവും ഫോറൻസിക് വിദഗ്ധരും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും സ്ഥലത്തെത്തി പരിശോധന നടത്തി.
കൊലപാതക-ആത്മഹത്യാ സിദ്ധാന്തം തള്ളി കൃഷ്ണയുടെ മൂത്ത സഹോദരൻ മിഥുൻ ചക്രവർത്തി രംഗത്തെത്തി. കൃഷ്ണയുടെ കോടതി വിവാദവുമായി സംഭവത്തിന് ബന്ധമുണ്ടെന്നാണ് മിഥുന്റെ ആരോപണം.
മിഥുൻ പറയുന്നതനുസരിച്ച്, കൃഷ്ണ താൻ ഇഷ്ടപ്പെട്ട ഒരു യുവതിയെ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കോടതി ഇടപെടലിൽ വിവാഹം കഴിച്ചിരുന്നു. അവരുടെ കുടുംബം ഈ വിവാഹം അംഗീകരിച്ചിരുന്നെങ്കിലും, വധുവിന്റെ കുടുംബം ഈ ബന്ധത്തിനെതിരെയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു. പെൺകുട്ടിയുടെ ബന്ധുക്കളാണ് കൊലപാതകത്തിന് പിന്നിലെന്നും മിഥുൻ പറഞ്ഞു.
എന്നാൽ ഈ ആരോപണങ്ങളിൽ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലങ്ങളും വന്നതിന് ശേഷം മാത്രമേ മരണകാരണവും യഥാർത്ഥ സംഭവവികാസങ്ങളും വ്യക്തമാകൂ എന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.










0 comments