അഭിജീത് ദീപ്കെയ്ക്ക് ടൈഫോയിഡ്: പ്രക്ഷോഭം ശക്തമായി തുടരുമെന്ന് സന്ദേശം

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ടൈഫോയിഡ് സ്ഥിരീകരിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള യുവജനതയുടെ സമരത്തിന് ഇത് യതൊരു തടസവുമുണ്ടാക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അവർ ലക്ഷ്യം നേടുന്നതുവരെ സമരം തുടരും. ഒരിക്കലും തന്റെ രോഗബാധ ആ ചെറുത്തുനിൽപ്പ് അവസാനിപ്പിക്കാൻ കാരണമാകില്ല എന്നും അഭിജീത്ത് സോഷ്യൽ മീഡിയയിൽ അറിയിച്ചു. നിലവിൽ അദ്ദേഹം ചികിത്സയിലാണ്.
സിജെപിയെ പിന്തുണച്ചെത്തിയ എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. രാജ്യത്തുടനീളം പ്രതിഷേധങ്ങളെ സജീവമായി നിലനിർത്തുന്നതിനും സമാധാനപരമായി അവ മുന്നോട്ട് കൊണ്ടുപോകുന്നതിനും നന്ദി അറിയിച്ചായിരുന്നു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ സന്ദേശം. രാജ്യത്തെ മത്സര പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയാണ് ആദ്യം പ്രതിഷേധങ്ങൾ ആരംഭിച്ചത്.
ഡൽഹി ജന്തർ മന്തറിൽ ആരംഭിച്ച പ്രതിഷേധങ്ങൾ ഇപ്പോൾ രാജ്യത്തിന്റെ വിവിധ കോണുകളിലും അലയടിക്കുകയാണ്. പ്രതിപക്ഷ പാർടികളും വിദ്യാർഥി സംഘടനകളും പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജൂൺ 28 ന് പ്രക്ഷോഭത്തിൽ പങ്കുചേർന്ന വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്ക് 26 ദിവസം നീണ്ട നിരാഹാര സമരം കഴിഞ്ഞ ദിവസമാണ് അവസാനിപ്പിച്ചത്.
ജൂലൈ 20ന് പാർലമെന്റിലേക്ക് നടത്തിയ സൻസദ് റാലി പൊലീസുകാരെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ക്രൂരമായി അടിച്ചമർത്താൻ ശ്രമിച്ചിട്ടും പിന്തിരിയാൻ പ്രതിഷേധക്കാർ തയാറായിരുന്നില്ല. കൂടുതൽ ആളുകൾ ജന്തർ മന്തറിലും പരിസരങ്ങളിലേക്കും ഒഴുകിയെത്തുകയായിരുന്നു. ജെൻ സികൾ ഉറക്കം കെടുത്തിയതോടെ കഴിഞ്ഞ ദിവസം അർധരാത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ യുവജനങ്ങളെ അഭിസംബോധന ചെയ്ത് ഒരു വീഡിയോ തന്നെ പങ്കു വയ്ക്കാൻ നിർബന്ധിതനായി. ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ല എന്ന ഉറച്ച നിലപാടിലാണ് രാജ്യത്തെ വിദ്യാർഥികളുടെ സമരം മുന്നേറുന്നത്.









0 comments