ഒടുവിൽ മുട്ടുമടക്കി; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; യുവജനപ്രക്ഷോഭത്തിന് ഐതിഹാസിക വിജയം

ധർമേന്ദ്ര പ്രധാൻ
ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടിൽ രണ്ട് മാസത്തോളമായി തുടർന്ന യുവജനപ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജിക്കത്ത് കൈമാറി. പ്രധാന്‍റെ രാജിയിലൂടെ രാജ്യമാകെ അലയടിച്ച വിദ്യാര്‍ഥി-യുവജന പ്രക്ഷോഭം ഐതിഹാസിക വിജയമാണ് കൈവരിച്ചത്.
അവസാനനിമിഷം വരെയും രാജി ഒഴിവാക്കാൻ ബിജെപി-ആർഎസ്എസ് നേതൃത്വം ശ്രമിച്ചിരുന്നു. പ്രധാനെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് മറ്റൊരു വകുപ്പിലേക്ക് മാറ്റാനും ആലോചിച്ചു. എന്നാൽ ജനരോഷം ആഞ്ഞടിച്ചതോടെ, ഗതിയില്ലാതെ രാജിയിലേക്ക് നീങ്ങുകയായിരുന്നു. കോക്രോച്ച് ജനതാ പാർടി (സിജെപി)യുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ ജൂൺ ആറിന് ആരംഭിച്ച പ്രക്ഷോഭം 50 ദിവസം പിന്നിടുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ രാജി.
സിജെപിയും ഇടതുപക്ഷ വിദ്യാർഥി സംഘടനകളും കൊളുത്തിവിട്ട പ്രക്ഷോഭത്തീ രാജ്യമാകെ പടർന്നു. പതിറ്റാണ്ടിനിടയിൽ ഇന്ത്യ കണ്ട ഐതിഹാസിക പ്രക്ഷോഭമായി മാറുകയും ചെയ്തു. 26 ദിവസം നീണ്ട നിരാഹാര സമരം വ്യാഴാഴ്‌ച രാത്രി വൈകി സോനം വാങ്‌ചുക് അവസാനിപ്പിച്ചിരുന്നു.
ചോദ്യച്ചോർച്ചയെത്തുടർന്ന് ആത്മഹത്യചെയ്‌ത കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് ഒരുകോടി രൂപ നൽകാമെന്നും പ്രതിഷേധക്കാർക്കെതിരെ നിയമനടപടി എടുക്കില്ലെന്നും കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലെ ചർച്ചയിൽ കേന്ദ്രം ഉറപ്പുനൽകി. കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിങ്ങും സിജെപി വക്താക്കളായ അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരുമായാണ് ചർച്ച നടത്തിയത്. എൻടിഎ ഉദ്യോഗസ്ഥരായ 47 പേരെ നീക്കിയെന്നും റിപ്പോർട്ടുണ്ട്.









0 comments