ചുമയ്ക്കുള്ള മരുന്ന് കഴിച്ച് രണ്ട് കുട്ടികൾ മരിച്ചു; മരുന്ന് കഴിച്ച ഡോക്ടർ അബോധാവസ്ഥയിൽ

ജയ്പൂർ : രാജസ്ഥാനിൽ സർക്കാർ ആശുപത്രിയിൽ നിന്നും നൽകിയ ചുമയ്ക്കുള്ള മരുന്ന് കഴിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മരുന്നിന് കുഴപ്പമില്ലെന്നു തെളിയിക്കാനായി കഴിച്ച ഡോക്ടർ അബോധാവസ്ഥയിൽ ചികിത്സയിലാണ്. ഇതോടെ മരുന്നിന്റെ 22 ബാച്ചുകൾ നിരോധിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. രാജസ്ഥാൻ സർക്കാരിനുവേണ്ടി ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമിച്ച ജനറിക് കഫ്സിറപ്പ് കഴിച്ചാണ് രണ്ടാഴ്ചയ്ക്കിടെ 2 കുട്ടികൾ മരിച്ചത്. കുറഞ്ഞത് 10 പേരങ്കിലും മരുന്ന് കഴിച്ച് ചികിത്സയിലാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കെയ്‌സൺ ഫാർമ കമ്പനി നിർമിക്കുന്ന ഡെക്‌സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് എന്ന സംയുക്തം അടങ്ങിയ കഫ് സിറപ്പ് കഴിച്ചാണ് തിങ്കളാഴ്ച സിക്കാർ ജില്ലയിൽ നിന്നുള്ള അഞ്ച് വയസുകാരൻ നിതീഷ് മരിച്ചത്. ചുമയും ജലദോഷവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് മാതാപിതാക്കൾ ഞായറാഴ്ച ചിരാനയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കുട്ടിയെ (സിഎച്ച്സി) കൊണ്ടുപോയത്. ഡോക്ടർ നൽകിയ കഫ് സിറപ്പ് രാത്രിയോടെ കുട്ടിക്ക് നൽകി. പുലർച്ചെ മൂന്നോടെ ഉണർന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടി അൽപ്പസമയത്തിനുള്ളിൽ മരിച്ചു. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മരുന്ന് നൽകി മണിക്കൂറുകൾക്കുള്ളിൽ കുട്ടി മരണപ്പെട്ടെന്നും മാതാപിതാക്കൾ പറഞ്ഞു.
ഈ മരണവാർത്ത പുറത്തുവന്നതോടെയാണ് ഈ മാസം ആദ്യം സമാനമായ രീതിയിലാണ് തങ്ങളുടെ കുട്ടിയും മരിച്ചതെന്ന് വ്യക്തമാക്കി മറ്റൊരു കുടുംബം രംഗത്തുവന്നത്. രണ്ട് വയസുകാരൻ സാമ്രാട്ട് ജാതവാണ് ഇതേ ചുമ മരുന്ന് കഴിച്ച് മരിച്ചത്.
മരുന്ന് കഴിച്ച് മൂന്നുവയസുകാരന് ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്ന് പരാതി ഉയർന്നതോടെയാണ് ഡോക്ടർ മരുന്ന് കഴിച്ചത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഇൻ ചാർജ് ഡോ. താരാചന്ദ് യോഗിയാണ് മരുന്ന് സുരക്ഷിതമാണെന്ന് തെളിയിക്കാൻ ഒരു ഡോസ് കഴിച്ചത്. എന്നാൽ ഡോക്ടറെ ബോധരഹിതനാക്കി എട്ട് മണിക്കൂറിന് ശേഷം അദ്ദേഹത്തിന്റെ കാറിൽ കണ്ടെത്തുകയായിരുന്നു.











0 comments