print edition ഒറ്റവർഷം ബിജെപിക്ക് കിട്ടിയത് 6088 കോടി ; വൻകിട കോർപറേറ്റുകളിൽനിന്ന് പണമൊഴുകുന്നു

ന്യൂഡൽഹി
കോർപ്പറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം വൻകിട കുത്തകകൾ ബിജെപിക്ക് സംഭാവന രൂപത്തിൽ നൽകുന്നത് ശതകോടികൾ. 2024 –25ൽമാത്രം ബിജെപിയുടെ ഖജനാവിലെത്തിയത് 6088 കോടി രൂപ. ബിജെപി കഴിഞ്ഞാൽ കോൺഗ്രസിനാണ് കൂടുതൽ സംഭാവന കിട്ടിയത് – 522 കോടി. മറ്റ് പ്രധാന പാർടികൾക്കെല്ലാമായി ആകെ ലഭിച്ചത് 1343 കോടി രൂപ മാത്രം. തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച കണക്കിലാണ് ഈ വിവരമുള്ളത്.
ടാറ്റ ഗ്രൂപ്പിന്റെ പ്രോഗ്രസീവ് ട്രസ്‌റ്റിൽ നിന്ന് മാത്രം ബിജെപിക്ക് 758 കോടി രൂപ ലഭിച്ചു. കോൺഗ്രസിന് ടാറ്റ 77 കോടി രൂപ നൽകി. മറ്റ് എട്ട് പാർടികൾക്ക് 10 കോടി വീതവും.
പ്രുഡന്റ് ഇലക്‌ടറൽ ട്രസ്‌റ്റിൽ നിന്ന് ബിജെപിക്ക് കിട്ടിയത് 2181 കോടി രൂപയാണ്. ആകെ 2668.46 കോടി രൂപയാണ് പ്രുഡന്റ് ഇലക്‌ടറൽ ട്രസ്‌റ്റിൽ നിന്ന് വിവിധ രാഷ്ടീയപാർടികൾക്ക് ലഭിച്ചത്. ഇതിൽ 82 ശതമാനവും ബിജെപിക്ക്. എലവേറ്റഡ് അവന്യൂ (എൽആൻഡ്‌റ്റി) എന്ന കോർപറേറ്റ് സ്ഥാപനമാണ് പ്രുഡന്റ് വഴി ബിജെപിയിലേക്ക് കൂടുതൽ പണം ഒഴുക്കിയത്. അഞ്ഞൂറ് കോടി രൂപയാണ് എൽആൻഡ്‌ടി കൈമാറിയത്.
ദേശീയപാത നിർമാണത്തിൽ അപാകത വരുത്തിയ മേഘ ഗ്രൂപ്പ്– 175 കോടി, ഒപി ജിൻഡാൽ – 157 കോടി, പിവി കൃഷ്‌ണറെഡ്ഡി– 145 കോടി, ഡിഎൽഎഫ്– 100 കോടി, അശോക് ലെയ്‌ലാൻഡ്– 100 കോടി, ടൈഗർ അസോസിയേറ്റ്‌സ് –147 കോടി എന്നിങ്ങനെയാണ് പ്രുഡന്റ് വഴി ബിജെപിയിലേക്ക് പോയ പണം. മഹീന്ദ്ര ഗ്രൂപ്പിന്റെ ന്യൂ ഡെമോക്രാറ്റിക്ക് ഇലക്‌ടറൽ ട്രസ്‌റ്റ് 160 കോടി രൂപ നൽകി.
2024–25 വർഷത്തിൽ സിപിഐ എമ്മിന് സംഭാവനയായി ലഭിച്ചത് 16.95 കോടി രൂപയാണ്. ഇരുപതിനായിരം രൂപയിൽ കൂടുതൽ ലഭിച്ച സംഭാവനകളുടെ കണക്കാണ് കമീഷന് കൈമാറിയത്. 745 പേരാണ് ഇരുപതിനായിരം രൂപയിൽ കൂടുതൽ സിപിഐ എമ്മിന് നൽകിയത്. ജനപ്രതിനിധികളും മുൻജനപ്രതിനിധികളും മറ്റും കൈമാറുന്ന ലെവി ഉൾപ്പെടെയുള്ള കണക്കാണിത്.










0 comments