കിണറിൽ മലിനജലം: മധ്യപ്രദേശില്‍ 80ലേറെ പേർക്ക് ദേഹാസ്വാസ്ഥ്യം, 21 പേർ ആശുപത്രിയിലായി

രത്‌ലാം: മധ്യപ്രദേശിലെ രത്‌ലാം ജില്ലയിൽ കിണറിലെ മലിനജലം കുടിച്ച 80ലേറെ ഗ്രാമവാസികൾക്ക് ദേഹാസ്വാസ്ഥ്യം. ഛർദി, വയറിളക്കം, വയറുവേദന തുടങ്ങിയ അസ്വസ്ഥതകളുണ്ടായ 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇവരെ പിന്നീട് ഡിസ്ചാർജ് ചെയ്തു.
പിപ്ലോഡ തഹസീലിലെ ആസാംപുർ ദോഡിയ ഗ്രാമത്തിലാണ് സംഭവം. ഏകദേശം 800 പേർ താമസിക്കുന്ന ഗ്രാമത്തിൽ കഴിഞ്ഞ മൂന്നുനാലു ദിവസമായി രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതായി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ കിരൺ വാഡിയ പറഞ്ഞു.
വെള്ളിയാഴ്ച വിവരം ലഭിച്ചതോടെ ഗുരുതര അസ്വസ്ഥതകളുണ്ടായവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകൾ ഗ്രാമത്തിലേക്ക് അയച്ചു. എപ്പിഡെമിയോളജിസ്റ്റ് ഗൗരവ് ബോറിവാളിന്റെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം ഗ്രാമത്തിൽ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.
ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും 80ഓളം പേരെ പരിശോധിച്ച് മരുന്നുകൾ നൽകി. കൂടുതൽ രോഗബാധിതരെ കണ്ടെത്തുന്നതിനും യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിനുമായി വീടുകൾതോറും പരിശോധന നടത്തി.
ഛർദി, വയറിളക്കം, വയറുവേദന എന്നിവ അനുഭവപ്പെട്ട 21 പേരെയാണ് പിപ്ലോഡ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ എല്ലാവരെയും ഡിസ്ചാർജ് ചെയ്തു.
മലിനമായ കിണർ ശുചീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ലബോറട്ടറി പരിശോധനയ്ക്കായി മലസാമ്പിളുകൾ നൽകാൻ ഗ്രാമവാസികൾ തയ്യാറാകാത്തതിനെ തുടർന്ന് രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
കിണർ അടച്ചതായും ടാങ്കറുകളിൽ കുടിവെള്ളം എത്തിച്ചുതുടങ്ങിയതായും ഗ്രാമ സർപഞ്ച് സമർഥ് മാൽ ഖരോൾ പറഞ്ഞു. രോഗബാധിതരെല്ലാം സുഖംപ്രാപിച്ചതായും അദ്ദേഹം അറിയിച്ചു.
പൈപ്പ് വെള്ളത്തിന് രുചിയില്ലെന്ന് പറഞ്ഞ് ഗ്രാമവാസികൾ കിണറിലെ വെള്ളമാണ് കുടിച്ചിരുന്നതെന്നും സർപഞ്ച് പറഞ്ഞു. മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ചശേഷം കിണർ അടുത്തിടെ ശുചീകരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.











0 comments