കുടിവെള്ളത്തിൽ മാലിന്യം; അമിത് ഷായുടെ മണ്ഡലത്തിൽ രണ്ട് കുട്ടികൾ മരിച്ചു

അഹമ്മദാബാദ്: ബെജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഇന്ദോറിൽ നഗരസഭ വിതരണം ചെയ്ത കുടിവെള്ളത്തിൽ മാലിന്യം കലർന്നുണ്ടായ ദുരന്തത്തിന് പിന്നാലെ ഗുജറാത്തിലെ ഗാന്ധിനഗറിലും സമാന ദുരന്തം. കുടിവെള്ളത്തിൽ മലിനജലം കലർന്നതിനെത്തുടർന്ന് രോഗ ബാധിതരായി ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് കുട്ടികൾ മരിച്ചു.
നഗര പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളിലെ 150-ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നു. സെക്ടർ 24, 28 ഭാഗങ്ങളിലും അദിവഡ മേഖലയിലും കുടിവെള്ള കുഴലുകളിൽ മാലിന്യം കലരുന്നതായി കണ്ടെത്തി. ചികിത്സയിൽ കഴിയുന്നവരിൽ അമ്പതോളം പേർക്ക് ടൈഫോയിഡും സ്ഥിരീകരിച്ചു. ഇരകളിൽ കൂടുതലും കുട്ടികളാണ്.
പൊട്ടിയ പൈപ്പുകൾ ഉടൻ നന്നാക്കണമെന്ന് സ്ഥലം എംപിയായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. ഗാന്ധി നഗറിൽ നിന്നാണ് അമിത് ഷാ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ഇദ്ദേഹം ഗുജറാത്തിൽ മന്ത്രിയായതും ഗാന്ധി നഗറിലെ നരൻപുര മണ്ഡലത്തിൽ നിന്നായിരുന്നു.
കഴിഞ്ഞയാഴ്ച ഇന്ദോറിൽ നഗരസഭ വിതരണം ചെയ്ത കുടിവെള്ളത്തിൽ മലിനജലം കലർന്ന് 14 പേർ മരണപ്പെട്ടു. ആയിരത്തോളംപേർ ചികിത്സതേടി. ഇപ്പോഴും നിരവധി പേർ ചികിത്സയിൽ തുടരുകയാണ്. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പദവി ചാർത്തി നൽകി കേന്ദ്ര സർക്കാർ തുടർച്ചയായി പുരസ്കാരം നൽകിവരുന്ന നഗരസഭയാണ് ഇൻഡോർ.
ഇൻഡോർ ദുരന്തത്തിനിടയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ നഗരസഭയിലും സമാനമായ വീഴ്ച വലിയ അപകടത്തിലേക്ക് നയിച്ചത്.
ഇന്ദോർ മലിനജല ദുരന്തത്തെ പകർച്ചവ്യാധിയായി ചിത്രീകരിച്ച് രക്ഷപെടുകയാണ് ഇപ്പോൾ സർക്കാർ ചെയ്യുന്നത്. വീഴ്ച മറച്ചുവെക്കാനുള്ള ശ്രമത്തിൽ ജനങ്ങളുടെ അമർഷം തുടരുന്നു.
ഗുജറാത്തിലും സമാന സംഭവം ആവർത്തിച്ചതിനിടെ നഗരവികസന മന്ത്രി കൈലാഷ് വിജയവർഗിയ നടത്തിയ പരാമർശം വിവാദമായി. ദുരന്തത്തിനു പിന്നാലെ സൗജന്യ ചികിത്സ ലഭ്യമാക്കാത്തതെന്താണെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് മന്ത്രി ‘ഘണ്ട’(അസംബന്ധം) എന്ന് പ്രയോഗച്ചതാണ് വിവാദമായത്.
മന്ത്രിയുടെ പ്രയോഗത്തിൽ ഉദ്യോഗസ്ഥർ തന്നെ അമർഷവും പരസ്യ പ്രതികരണവുമായി രംഗത്ത് വന്നത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.
മന്ത്രിയുടെ ഘണ്ട പ്രയോഗത്തെ, അധികാരദുരുപയോഗത്തിന്റെ അടയാളമെന്ന് സൂചിപ്പിച്ച് ഉത്തരവിറക്കിയ ഉജ്ജയിൻ സബ്-ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) ആനന്ദ് മാളവ്യയെ സസ്പെൻഡ് ചെയ്തതു. ‘ബിജെപി ഭരിക്കുന്ന കോർപ്പറേഷൻ വിതരണം ചെയ്ത മലിനമായ വെള്ളം കുടിച്ചാണ് ആളുകൾ മരിച്ചതെന്നും വിഷയത്തിൽ മന്ത്രി കൈലാഷ് വിജയവർഗിയ ‘ഘണ്ട’ (അസംബന്ധം) എന്ന വാക്ക് ഉപയോഗിച്ചത് മനുഷ്യത്വരഹിതവും സ്വേച്ഛാധിപത്യ സ്വഭാവത്തിന്റെ പ്രതീകവുമാണെന്നും തുറന്നടിച്ചതാണ് സസ്പെൻഷന് പിന്നിൽ എന്നും റിപ്പോർട് ചെയ്യപ്പെടുന്നു.
പരാതിപ്പെട്ടിട്ടും തിരിഞ്ഞ് നോക്കിയില്ല
ഗാന്ധിനഗറിലെ അടിവാഡ ഗ്രാമത്തിലെ കുടിവെള്ള പൈപ്പ്‌ലൈനിന് സമീപമുള്ള മലിനജല ചോർച്ചയിൽ നിന്നാണ് മാലിനീകരണം എന്നാണ് പ്രാഥമിക നിഗമനം. ഇവിടെ വെള്ളത്തിൽ മാലിന്യം കലരുന്നതും കുടിവെള്ളത്തിൽ ദുർഗന്ധം അനുഭവപ്പെടുന്നതും അധികാരികളെ പലതവണ അറിയിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
അടിവാഡ, 24, 26, 27, 29 സെക്ടറുകളിലെ താമസക്കാരാണ് വെള്ളത്തിൽ ദുർഗന്ധം വമിക്കുന്നതായും മലിന്യം കണ്ടതായും പരാതിപ്പെട്ടത്. പരാതി അധികൃതരെ അറിയിച്ച് ഒരാഴ്ചയോളം കഴിഞ്ഞാണ് ടൈഫോയ്ഡ് കേസുകൾ കുത്തനെ ഉയരാൻ തുടങ്ങിയത്.
ഉപമുഖ്യമന്ത്രി ഹർഷ് സംഘവി ഗാന്ധിനഗർ സിവിൽ ആശുപത്രി സന്ദർശിച്ചു, ചികിത്സാ ക്രമീകരണങ്ങൾ അവലോകനം ചെയ്തു. മലിനീകരണത്തിന്റെ പൂർണ്ണ വ്യാപ്തി നിർണ്ണയിക്കുന്നതിനും ബാധിത പ്രദേശങ്ങളിൽ എത്രയും വേഗം സുരക്ഷിതമായ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.










0 comments