ad
Deshabhimani

മലിനജലം: ഇൻഡോറിൽ ഒരു മാസത്തിനിടെ ഒരേ വീട്ടിൽ രണ്ട് മരണം

indore contaminated
വെബ് ഡെസ്ക്

Published on Feb 07, 2026, 06:09 PM | 1 min read

ഇൻഡോർ: മലിനജലം കുടിച്ചതിനെത്തുടർന്നുണ്ടായ ആരോ​ഗ്യപ്രശ്നങ്ങൾ കാരണം ഇൻഡോറിൽ ഒരു മാസത്തിനിടെ ഒരേ വീട്ടിൽനിന്ന് മരിച്ചത് രണ്ടുപേർ. ഇൻഡോറിലെ ഭാഗീരഥ്‌പുരയിൽനിന്നുള്ള ദമ്പതികളാണ് മരിച്ചത്. ഡിസംബർ 28-ന് 70 വയസ്സുകാരിയായ ഉർമിള യാദവ് മരിച്ചതിന് പിന്നാലെ, ഫെബ്രുവരി ആറിന് ഭർത്താവ് അൽഗുറാം യാദവും മരണത്തിന് കീഴടങ്ങി. വയറിളക്കവും ഛർദ്ദിയുമാണ് ഇരുവരുടെയും മരണകാരണം. പ്രദേശത്തെ അഴുക്കുചാൽ പണികൾക്കിടെ കുടിവെള്ള പൈപ്പുകൾ പൊട്ടി മലിനജലം കലർന്നതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്.


പതിനഞ്ച് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഈ കുടുംബത്തിൽ ജനിച്ച ആൺകുഞ്ഞിനും മലിനജലം കുടിച്ച് ഗുരുതരമായി രോഗം ബാധിച്ചിരുന്നു. 18 കുപ്പി സലൈൻ നൽകിയ ശേഷമാണ് കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഉർമിളയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ ഉടൻ തന്നെ അൽഗുറാമിനും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുകയായിരുന്നു. അൽഗുറാമിന് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ വാദമെങ്കിലും, മലിനജലം കുടിക്കുന്നത് വരെ അദ്ദേഹം പൂർണ്ണ ആരോഗ്യവാനായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു.


ഭാഗീരഥ്‌പുരയിൽ ഇതുവരെ മലിനജലം കുടിച്ച് 33 പേർ മരിച്ചെന്നാണ് നാട്ടുകാരുടെ കണക്ക്. എന്നാൽ സർക്കാർ 21 മരണങ്ങൾ മാത്രമാണ് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. ഉർമിളയുടെ മരണത്തിൽ സർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു. മരണങ്ങളെക്കുറിച്ചുള്ള സർക്കാർ റിപ്പോർട്ട് വെറും 'കണ്ണിൽ പൊടിയിടൽ' ആണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, റിട്ടയേർഡ് ജഡ്ജി സുശീൽ കുമാർ ഗുപ്തയുടെ നേതൃത്വത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ചു. 450-ലധികം ആളുകൾ ഇതിനകം മലിനജലം കാരണം ചികിത്സ തേടിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home