print edition മണ്ഡല പുനർനിർണയ ബിൽ; ജയിച്ചത് പ്രതിപക്ഷ കൂട്ടായ്‌മ

ന്യൂഡൽഹി: വനിതാസംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം നടത്താനുള്ള മോദിസർക്കാരിന്റെ നീക്കത്തെ പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയതിന്റെ ‘ക്രെഡിറ്റ്’ കോൺഗ്രസിന് ചാർത്തിക്കൊടുക്കാൻ ശ്രമം. ദുരൂഹമായ ഭരണഘടനാഭേദഗതിയെ സിപിഐ എം, സിപിഐ, സമാജ്‌വാദി പാർടി, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ആർജെഡി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, എഎപി, ജെഎംഎം, നാഷണൽ കോൺഫറൻസ് എന്നിവ ഒറ്റക്കെട്ടായി ബില്ലിനെ ശക്തമായി എതിർത്തു.
ഈ വസ്‌തുത മറച്ചുവച്ച് ഒരുവിഭാഗം മാധ്യമങ്ങളടക്കമുള്ളവരാണ് പ്രതിപക്ഷ വിജയത്തെ കോൺഗ്രസിന്റെയും രാഹുലിന്റെയും പ്രിയങ്കയുടെയും മാത്രം നേട്ടമായി ചിത്രീകരിക്കുന്നത്. ലോക്‌സഭയിൽ ഭേദഗതി ബിൽ കൊണ്ടുവന്ന അവസരത്തിൽതന്നെ അത് ഫെഡറലിസത്തിനും ജനാധിപത്യത്തിനും സാമൂഹ്യനീതിക്കും എതിരാണെന്ന് സിപിഐ എം ലോക്‌സഭാകക്ഷി നേതാവ് കെ രാധാകൃഷ്‌ണൻ ചൂണ്ടിക്കാണിച്ചിരുന്നു.
വനിതാസംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ വനിതാസംഘടനകൾ പതിറ്റാണ്ടുകളായി സമരമുഖത്തുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐ എം ഇൗ വിഷയം വളരെ സജീവമായി ഉയർത്തുകയും വനിതകൾക്ക് തുല്യഅവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അഭ്യർഥന പുറപ്പെടുവിക്കുകയുംചെയ്‌തു. 2020ൽ വനിതാദിനത്തിൽ തന്റെ സമൂഹമാധ്യമഅക്കൗണ്ടുകൾ മുഴുവൻ വനിതകൾക്ക് കൈകാര്യം ചെയ്യാൻ വിട്ടുകൊടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഹസനത്തെ സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി രൂക്ഷമായി പരിഹസിച്ചിരുന്നു. ‘മോദി അധികാരത്തിലെത്തി ആറ് വർഷമായി.
ഇത്രയും കാലമായി വനിതാസംവരണ ബിൽ സ്‌പീക്കറുടെ മേശയിൽ പൊടിപിടിച്ച് ഇരിക്കുകയാണ്. ഇത്തരം പ്രഹസനങ്ങൾക്ക് പകരം അത് പാസാക്കാൻ അദ്ദേഹം ശ്രമിക്കാത്തത് എന്തുകൊണ്ടാണ്?’ യെച്ചൂരി അന്ന് വിമർശിച്ചു.
വനിതാസംവരണത്തെ രാഷ്‌ട്രീയലാഭത്തിനായി മോദി ആയുധമാക്കിയപ്പോൾ അതിനെ എതിർത്ത് ആദ്യം രംഗത്തെത്തിയതും സിപിഐ എമ്മായിരുന്നു. ലോക്‌സഭയിൽ കോൺഗ്രസിനെക്കാൾ കൂടുതൽ ബില്ലിനെ എതിർത്തത് ഡിഎംകെയും സമാജ്‌വാദി പാർടിയുമായിരുന്നു. കറുത്തവസ്‌ത്രങ്ങൾ ധരിച്ച് സഭയിലെത്തിയ ഡിഎംകെ അംഗങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള കേന്ദ്രസർക്കാരിന്റെ വിവേചനങ്ങൾക്കെതിരെ ആഞ്ഞടിച്ചു.
സമാജ്‌വാദി പാർടിയാകട്ടെ ഒബിസി സംവരണം ഹനിക്കാനുള്ള നീക്കം തുറന്നുകാട്ടി. ഡിഎംകെ നേതാവ് എ രാജ, സമാജ്‌വാദി പാർടി നേതാവ് അഖിലേഷ് യാദവ് എന്നിവരുമായി ഭരണപക്ഷ അംഗങ്ങൾ വലിയ വാഗ്വാദങ്ങളിൽ ഏർപ്പെട്ടു. ഡിഎംകെ വിഘടനവാദികളാണെന്ന ബിജെപിയുടെ തേജസ്വി സൂര്യയുടെ ആരോപണത്തിന് എ രാജ നൽകിയ ചുട്ടമറുപടി സമൂഹമാധ്യമങ്ങളിൽ വൈറലായി.










0 comments