പൊലീസ് ഉദ്യോഗസ്ഥനെ കൊന്ന് കാറിലിട്ട് കത്തിച്ചു; വനിതാ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

അരവല്ലി: സഹപ്രവർത്തകനായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിലിട്ട് കത്തിച്ച സംഭവത്തിൽ വനിതാ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ഗുജറാത്തിലെ അരവല്ലി ജില്ലയിലാണ് സംഭവം.
സബർകാന്ത ജില്ലയിലെ ചിത്തോഡ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന എ എസ് ഐ അശ്വിൻഭായ് താബിയാദാണ് (45) കൊല്ലപ്പെട്ടത്. ഇതേ സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ ആൽഫാബെൻ കെലാസ്വയാണ് (37) കേസിലെ മുഖ്യപ്രതി. ഇവരുടെ സഹോദരൻ കൽപേഷ്ഭായ് കെലാസ്വ (36), ബന്ധുവായ പങ്കജ്കുമാർ കെലാസ്വ (28), സുഹൃത്ത് മനോജ്കുമാർ നിനാമ (33) എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.
നവംബർ 10ന് അരവല്ലിയിലെ ഭിലോഡ പ്രദേശത്ത് കത്തിനശിച്ച നിലയിൽ കാർ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. കാറിനുള്ളിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ മനുഷ്യന്റെ അസ്ഥികൂടവും പൊലീസ് കണ്ടെടുത്തിരുന്നു. അസ്ഥികൂടം അശ്വിന്റേതാകാമെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് ആദ്യം അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പിന്നീട് നവംബർ 16ന് അശ്വിന്റെ സഹോദരൻ സിദ്ധരാജ് താബിയാദ് നൽകിയ ഔദ്യോഗിക പരാതിയെത്തുടർന്ന് പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
വ്യക്തിപരമായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അശ്വിനും ആൽഫാബെന്നും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ ഈ ബന്ധം അവസാനിപ്പിക്കാൻ ആൽഫാബെൻ ആഗ്രഹിച്ചിരുന്നതായും ബന്ധം തുടരാൻ അശ്വിൻ സമ്മർദ്ദം ചെലുത്തിയിരുന്നതായും പൊലീസ് പറയുന്നു. തുടർന്ന് നവംബർ എട്ടിന് രാത്രി ആൽഫാബെൻ അശ്വിനെ ചിത്തോഡയിലെ തന്റെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയും അവിടെ വെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
പിറ്റേന്ന് രാവിലെ ആൽഫാബെൻ സഹോദരൻ കൽപേഷിനെ വിവരമറിയിച്ചു. കൽപേഷും ബന്ധുവായ പങ്കജും മാരുതി ഇക്കോ വാനിൽ വീട്ടിലെത്തി മൃതദേഹം ചാക്കിലാക്കി വീടിനുള്ളിൽ ഒളിപ്പിച്ചു. തുടർന്ന് പങ്കജ് അശ്വിന്റെ കാർ അടുത്തുള്ള വനമേഖലയിലേക്ക് ഓടിച്ചുപോവുകയും ആൽഫാബെന്നും കൽപേഷും വാനിൽ പിന്തുടരുകയും ചെയ്തു.
അന്ന് രാത്രി വൈകി കൽപേഷും സുഹൃത്ത് മനോജും ചേർന്ന് വിജയ്നഗറിലെ പമ്പിൽ നിന്നും പെട്രോൾ വാങ്ങി. തുടർന്ന് മൃതദേഹം അടങ്ങിയ ചാക്ക് അശ്വിന്റെ കാറിലേക്ക് മാറ്റിയ ശേഷം ഹത്‌മതി നദിക്ക് സമീപത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ആൽഫാബെൻ, കൽപേഷ്, മനോജ് എന്നിവർ ചേർന്ന് മൃതദേഹത്തിലും കാറിലും പെട്രോൾ ഒഴിച്ച് തീകൊളുത്തി. തീ ആളിപ്പടർന്നതിനെ തുടർന്ന് ആൽഫാബെന്നിന്റെ മുഖത്തും കൈകളിലും ശരീരത്തിലും പൊള്ളലേറ്റിരുന്നു. ഇവർ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങൾ, രഹസ്യവിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയതെന്ന് അരവല്ലി പൊലീസ് സൂപ്രണ്ട് മനോഹർസിംഗ് ജഡേജ അറിയിച്ചു. മൃതദേഹം അശ്വിന്റേതാണെന്ന് ഉറപ്പിക്കാൻ അസ്ഥികൂടത്തിന്റെയും അശ്വിന്റെ പിതാവിന്റെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൽഫാബെന്നിനെ ചോദ്യം ചെയ്തതിലൂടെയാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. ചോദ്യം ചെയ്യലിൽ നാല് പ്രതികളും കുറ്റം സമ്മതിച്ചിട്ടുണ്ട്. കൃത്യത്തിന് ഉപയോഗിച്ച മാരുതി ഇക്കോ വാൻ പൊലീസ് പിടിച്ചെടുത്തു. കേസിൽ തുടരന്വേഷണം നടന്നുവരികയാണ്.








0 comments