സന്ദർശകരെ ആകർഷിച്ച് ജിദ്ദ യാട്ട് ക്ലബ്ബും മറീനയും

ജിദ്ദ : സമുദ്ര വിനോദസഞ്ചാര മേഖലയിൽ സൗദി അറേബ്യയുടെ മുന്നേറ്റത്തിന് കരുത്തുപകർന്ന് ജിദ്ദ വാട്ടർഫ്രണ്ടിലെ 'ജിദ്ദ യാട്ട് ക്ലബ്ബും മറീനയും' ശ്രദ്ധേയമാകുന്നു. സെയിലിങ്, സമുദ്ര വിനോദങ്ങൾ, ആധുനിക വിശ്രമ സൗകര്യങ്ങൾ എന്നിവ ഒത്തുചേരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്.ചെങ്കടലിന്റെ മനോഹാരിത ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നു. സൗദിയിൽനിന്നും വിദേശത്തുനിന്നും എത്തുന്ന ആഡംബര നൗകകൾക്ക് പ്രത്യേക സേവനങ്ങളും ക്ലബ് ലഭ്യമാക്കുന്നുണ്ട്.
120 മീറ്റർ വരെ നീളമുള്ള നൗകകൾക്ക് നങ്കൂരമിടാൻ സാധിക്കുന്ന 94 ബെർത്തുകളാണ് വിപുലമായ മറീനയിലുള്ളത്. ഇന്ധനം നിറയ-്ക്കൽ, വെള്ളം, വൈദ്യുതി വിതരണം, 24 മണിക്കൂർ സുരക്ഷ,സമുദ്ര സഹായ സേവനങ്ങൾ എന്നിവ സജ്ജമാണ്. പ്രാദേശികവും അന്തർദേശീയവുമായ നൗകകൾക്ക് വരവ്-പോക്ക് നടപടിക്രമങ്ങൾ, നാവിഗേഷൻ പിന്തുണ, സമുദ്ര മാലിന്യ സംസ-്കരണ സൗകര്യങ്ങൾ എന്നിവയും ക്ലബ് ഉറപ്പാക്കുന്നു.
കടൽത്തീരത്തുകൂടിയുള്ള നടത്തം, വൈവിധ്യമാർന്ന റെസ്റ്റോറന്റുകൾ, കഫേകൾ, ഷോപ്പുകൾ എന്നിവ സന്ദർശകർക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. സൗദി റെഡ് സീ അതോറിറ്റിയുടെ നിയന്ത്രണത്തിലും വികസനത്തിലും രാജ്യത്തെ സമുദ്ര വിനോദസഞ്ചാര മേഖല കൈവരിക്കുന്ന വളർച്ചയ്ക്ക് അനുസൃതമായാണ് ജിദ്ദ യാട്ട് ക്ലബ് പ്രവർത്തിക്കുന്നത്.








0 comments