Deshabhimani

വേൾഡ് ക്വാളിറ്റി ഡേ ആചരിച്ച് പിപിഎഫ് കുവൈത്ത്

ppf
വെബ് ഡെസ്ക്

Published on Nov 19, 2026, 08:32 AM | 2 min read

കുവൈത്ത് സിറ്റി: സ്ഥാപനങ്ങളുടെ പ്രവർത്തനമികവ് ഉയർത്തുന്നതിൽ ഗുണമേന്മയ്ക്കുള്ള പങ്ക് ചർച്ച ചെയ്ത് പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്) കുവൈത്ത് വേൾഡ് ക്വാളിറ്റി ഡേ ആചരിച്ചു. നവംബർ 12ന് ഫഹാഹീലിലെ സൂഖ് സബാഹിലുള്ള കൊഹിനൂർ ഓഡിറ്റോറിയത്തിൽ ‘ഗുണമേന്മ പ്രവർത്തനമികവിന്റെ കരുത്ത്’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. എൻജിനീയറിങ്, മാനേജ്‌മെന്റ്, വ്യാപാരം, ഗുണനിലവാര പരിപാലനം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.


പിപിഎഫ് കുവൈത്ത് പ്രസിഡന്റ് അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സ്ഥാപനങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ഗുണമേന്മ ഉറപ്പാക്കുന്ന സംസ്കാരം വളർത്തിയെടുക്കണമെന്നും അത് പ്രവർത്തനമികവിലും വ്യാപാരനേട്ടങ്ങളിലും പ്രതിഫലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുണമേന്മ ഉറപ്പാക്കുന്നതിൽ സ്ഥാപനത്തിലെ ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടെന്ന് ജനറൽ സെക്രട്ടറി ബിപിൻ പുനത്തിൽ ചൂണ്ടിക്കാട്ടി. ജോയിന്റ് സെക്രട്ടറി കിരൺ ബാബുവും പരിപാടി കൺവീനർ മൃദുൽ കരാട്ടും സന്നിഹിതരായിരുന്നു.


ഗുണനിലവാര സർട്ടിഫിക്കേഷനുകൾ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ എന്തു മാറ്റമുണ്ടാക്കുന്നു എന്ന വിഷയത്തിൽ നടന്ന ചർച്ച പിപിഎഫ് മുൻ പ്രസിഡന്റ് പ്രശാന്ത് വാര്യർ നയിച്ചു. ടിസിബി സർട്ട് വേൾഡ്‌വൈഡ് എൽഎൽസി മാനേജിങ് ഡയറക്ടർ എംഎസ് റേ, ഗ്ലോബൽ ടെക്‌നോളജി കമ്പനി ഡബ്ല്യുഎൽഎൽ പ്രവർത്തനവിഭാഗം ജനറൽ മാനേജർ കാർത്തിക് രാമദോസ്, മാക്ലിങ്ക് ഇന്റർനാഷണൽ മാനേജ്‌മെന്റ് കൺസൾട്ടന്റ്സ് മാനേജിങ് ഡയറക്ടർ ജിജു മാത്യൂസ് ജോസഫ് എന്നിവർ പങ്കെടുത്തു. ഗുണനിലവാര മാനദണ്ഡങ്ങൾ ദൈനംദിന പ്രവർത്തനങ്ങളിൽ നടപ്പാക്കുന്നതിലൂടെ പ്രവർത്തനക്ഷമത, ഉൽപ്പാദനക്ഷമത, തൊഴിൽസുരക്ഷ, സുസ്ഥിര വളർച്ച എന്നിവയിൽ അളക്കാവുന്ന നേട്ടങ്ങൾ കൈവരിക്കേണ്ടതിന്റെ പ്രാധാന്യം ചർച്ചയിൽ ഉയർന്നു.


ഗുണനിലവാര മേഖലയിലെ വിദഗ്ധരുടെ ലേഖനങ്ങളും അനുഭവങ്ങളും നിരീക്ഷണങ്ങളും ഉൾപ്പെടുത്തി എഡിറ്റർ ലേഖ മധുവിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ‘ദി ക്വാളിറ്റി’ മാസികയുടെ പ്രത്യേക പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്തു. എംഎസ് റേ രചിച്ച ‘ദ സോൾഫുൾ ഓർഗനൈസേഷൻ’, ‘ട്രാൻസ്‌ഫോം യുവർ ലൈഫ് ആൻഡ് ബിസിനസ് ദ ഐഎസ്ഒ വേ’ എന്നീ പുസ്തകങ്ങളും പ്രശാന്ത് വാര്യരുടെ ‘ദ ഗ്രീൻ പ്രോട്ടോക്കോൾ’ എന്ന പുസ്തകവും പരിചയപ്പെടുത്തി.


ഗുണനിലവാര മാനദണ്ഡങ്ങളും അവയുടെ പ്രായോഗിക ഉപയോഗവും ആസ്പദമാക്കി മൃദുൽ കരാട്ടിന്റെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ വിജ്ഞാനമത്സരത്തിൽ ശങ്കർ റാം വിജയിച്ചു. പരിപാടിക്ക് പിന്തുണ നൽകിയ സ്പെറ്റ്കോ, ടിസിബി സർട്ട് വേൾഡ്‌വൈഡ്, അൽ മഷാൻ ജനറൽ ട്രേഡിങ് എന്നീ സ്ഥാപനങ്ങൾക്ക് പിപിഎഫ് ഭാരവാഹികൾ നന്ദി അറിയിച്ചു.


എൻജിനീയറിങ്, വൈദ്യശാസ്ത്രം, നിയമം, ധനകാര്യം, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലുള്ളവരെ ഒരുമിപ്പിക്കുന്ന മതനിരപേക്ഷ കൂട്ടായ്മയാണ് പിപിഎഫ് കുവൈത്ത്. വിവിധ തൊഴിൽമേഖലകളിലെ അറിവും അനുഭവവും പങ്കുവെക്കുന്നതിനായി 2014 മുതൽ സംഘടന വേൾഡ് ക്വാളിറ്റി ഡേ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു.


റമീന റബ്ദീൻ പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ബിപിൻ പുനത്തിൽ സ്വാഗതം പറഞ്ഞു. പരിപാടി കൺവീനർ മൃദുൽ കരാട്ട് നന്ദി രേഖപ്പെടുത്തി. തുടർന്ന് സൗഹൃദസംഗമവും അത്താഴവിരുന്നും നടന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home