ad
Deshabhimani

print edition അവസാനനിമിഷംവരെ മുഖംതിരിച്ചു; ‘ക്രെഡിറ്റ്‌ ’ തട്ടാൻ 
കോൺഗ്രസ്‌

Congress Protest in Jantar mantar
വെബ് ഡെസ്ക്

Published on Jul 27, 2026, 12:00 AM | 1 min read

ന്യൂഡൽഹി: യുവജനപ്രക്ഷോഭത്തോട്‌ അവസാനനിമിഷംവരെ മുഖംതിരിച്ച കോൺഗ്രസ്‌, പ്രധാന്റെ രാജിയെത്തുടർന്ന്‌ വിജയത്തിന്റെ ക്രെഡിറ്റ്‌ തട്ടാൻ രംഗത്ത്‌. സിജെപിയുടെയും ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെയും നേതൃത്വത്തിൽ ഒരുമാസത്തിലേറെ നീണ്ട ശക്തമായ പ്രക്ഷോഭമാണ്‌ ജന്തർ മന്തറിൽ നടന്നത്‌. ഇ‍ൗ കാലയളവിൽ രാഹുൽഗാന്ധിയോ പ്രിയങ്കാഗാന്ധിയോ സമരഭൂമിയിലെത്തിയില്ല.

ഡൽഹി പൊലീസിന്റെ നിഷ്‌ഠുര ആക്രമണങ്ങൾക്ക്‌ ഇരകളായവരെ ആശ്വസിപ്പിച്ചതുമില്ല. ജനാധിപത്യം സംരക്ഷിക്കാനുള്ള യുവതയുടെ പോരാട്ടത്തെ പൂർണമായും അവഗണിക്കുന്ന അസാധാരണ രാഷ്ട്രീയവഞ്ചനയാണ്‌ കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത്‌. എൻഎസ്‌യുഐ, യൂത്ത്‌ കോൺഗ്രസ്‌ സംഘടനകളും ഒരക്ഷരം മിണ്ടിയില്ല.


യുവജനപ്രക്ഷോഭത്തെ തുടക്കംമുതൽ സംശയദൃഷ്ടിയോടെയാണ്‌ കോൺഗ്രസും രാഹുലും നോക്കിക്കണ്ടത്‌. പ്രക്ഷോഭത്തിന്‌ പിന്തുണ നൽകാത്ത കോൺഗ്രസ്‌ നിലപാട്‌ രാഷ്ട്രീയ വഞ്ചനയാണെന്ന്‌ ഇന്ത്യാകൂട്ടായ്‌മ എംപിമാരുടെ യോഗത്തിൽ വിമർശമുയർന്നിരുന്നു. സിജെപി നേതൃത്വത്തിലുള്ള സമരം സർക്കാർ സ്‌പോൺസേഡ്‌ സമരമാണെന്നും അതുമായി സഹകരിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു രാഹുലിന്റെ നിലപാട്‌. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന്‌ ഇടതുപക്ഷ എംപിമാർ പറഞ്ഞെങ്കിലും രാഹുൽ നിലപാട്‌ മാറ്റിയില്ല. യുവജനപ്രക്ഷോഭം പൊതുസമൂഹത്തിന്റെ വലിയ പിന്തുണ ആർജിച്ചതോടെ പ്രധാനമന്ത്രിയുടെ വസതിക്കുപുറത്ത്‌ കോൺഗ്രസിന്റെ മാത്രം പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും രംഗത്തെത്തി. അപ്പോഴും, നടന്നെത്താവുന്ന ദൂരത്തുള്ള ജന്തർ മന്തർ സന്ദർശിച്ചില്ല.


രാഹുലിന്റെ ഒറ്റയ്‌ക്കുള്ള സമരത്തിനെതിരെ ഇന്ത്യാകൂട്ടായ്‌മ നേതാക്കൾ വീണ്ടും ശബ്‌ദമുയർത്തി. ഇതേതുടർന്നാണ്‌ ഇന്ത്യാകൂട്ടായ്‌മ നേതാക്കൾ ഒറ്റക്കെട്ടായി ഗാന്ധിസ്‌മൃതിയിലേക്ക്‌ ഐക്യദാർ-ഢ്യ മാർച്ച്‌ നടത്തിയത്‌. ധർമേന്ദ്ര പ്രധാൻ രാജിവച്ച്‌ പ്രക്ഷോഭം വിജയിച്ചതോടെ പതിവുപോലെ ക്രെഡിറ്റ്‌ അടിക്കാനായി കോൺഗ്രസ്‌ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും മറ്റും രാഹുലിന്റെയും പ്രിയങ്കയുടെയും വേണുഗോപാലിന്റെയും ഫോട്ടോകൾ സഹിതം ‘ഇവർ നയിച്ചാൽ വിജയം ഉറപ്പെന്ന’ മട്ടിൽ പ്രചാരണം തുടങ്ങി. ഇ‍ൗ പോസ്റ്റുകൾക്ക്‌ താഴെ രൂക്ഷപരിഹാസങ്ങളാണ്‌ ഉയരുന്നുത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home