ad
Deshabhimani

print edition അസമിലും തകര്‍ച്ചയിലേക്ക് കോൺഗ്രസ്; നോക്കിനിന്ന് ഹൈക്കമാൻഡ്

congress to bjp
avatar
എം അഖിൽ

Published on Mar 21, 2026, 03:45 AM | 1 min read

ന്യൂഡൽഹി: പ്രമുഖനേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്‌ ചേക്കേറിയതോടെ അസമിലും കോൺഗ്രസിന്റെ നിലനിൽപ്പ്‌ ഭീഷണിയിൽ. കോൺഗ്രസ്‌ പ്രകടനപത്രിക സമിതി തലവനടക്കം നിയമസഭാ തെരഞ്ഞെടുപ്പിലെ നിർണായകചുമതലകൾ വഹിച്ചിരുന്ന നേതാക്കൾ കാലുമാറിയതോടെ എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ്‌ നേതൃത്വം. 2025വരെ അസം പ്രദേശ്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റായിരുന്ന ഭുപേൻകുമാർ ബോറയ്‌ക്ക്‌ പിന്നാലെ മുതിർന്നനേതാവും എംപിയുമായ പ്രദ്യുത്‌ ബൊർദൊലോയിയും ബിജെപിയിലേക്ക്‌ ചേക്കേറിയത്‌ അസം കോൺഗ്രസിന് കനത്ത തിരിച്ചടിയായി. ​


പിസിസി അധ്യക്ഷൻ ഗ‍ൗരവ്‌ ഗൊഗൊയ്‍ക്കും മുതിർന്ന നേതാക്കൾക്കും ഇടയിൽ നേരത്തെ തന്നെയുള്ള അസ്വാരസ്യവും അഭിപ്രായഭിന്നതകളും പരിഹരിക്കാൻ രാഹുൽ ഗാന്ധിയോ സംഘടനാജനറൽ സെക്രട്ടറിയെന്ന നിലയിൽ കെ സി വേണുഗോപാലോ ഇടപെട്ടില്ല. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെ പിന്തുണച്ച നേതാവാണ് പ്രദ്യുത് ബൊർദൊലോയി. ഇതിന്റെ പേരിൽ കെ സി വേണുഗോപാലടക്കമുള്ള നേതാക്കള്‍ തുടര്‍ച്ചയായി അപമാനിച്ച് വേട്ടയാടിയെന്ന് പ്രദ്യുത് പറയുന്നു.


കേരളത്തിലേതിന് സമാനമായി കനുഗോലുവിനെ ആശ്രയിച്ച് സ്ഥാനാർഥി നിർണയം കൂടിയായതോടെ ഗ്രൂപ്പുവഴക്കും തമ്മിലടിയും നിയന്ത്രണാതീതമായി. സ്ഥാനാർഥിനിർണയ ചുമതല വഹിക്കുന്ന പ്രിയങ്കാഗാന്ധിയുടെ വീഴ്‌ചകളും തിരിച്ചടിയായി. ബിജെപി ഇ‍ൗ അവസരം മുതലെടുത്ത്‌ ഭുപേൻ ബോറയും ബൊർദൊലോയിയും അടക്കമുള്ള മുതിർന്നനേതാക്കളെ സ്വന്തം ക്യാന്പിലെത്തിച്ച് സീറ്റും നൽകി. മുൻ കോൺഗ്രസ് നേതാവുകൂടിയായ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ കഴിഞ്ഞദിവസം പുറത്തിറക്കിയ ആദ്യ സ്ഥാനാർഥി പട്ടികയിൽ കോൺഗ്രസിന്റെ നാല്‌ എംഎൽഎമാരും ഒരു എംപിയും മുൻ പിസിസി അധ്യക്ഷനും ഇടംപിടിച്ചിട്ടുണ്ട്‌. കോൺഗ്രസുകാരെ ബിജെപിയിൽ എത്തിക്കുകയെന്നത്‌ താൻ രാഷ്ട്രീയ ഉത്തരവാദിത്വമായി കാണുന്നുവെന്നാണ്‌ ഹിമന്തയുടെ പ്രതികരണം.


​‘പാർടിയെ തകർത്തത്‌ വേണുഗോപാൽ’​


സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പിടിപ്പുകേടും ഉദാസീനതയും കോൺഗ്രസിന് വൻ തിരിച്ചടിയായി. കഴിഞ്ഞദിവസം പാർടി വിട്ട പ്രദ്യുത്‌ ബൊർദൊലോയിയും ഇതുതന്നെയാണ് ചൂണ്ടിക്കാണിച്ചത്‌. ജനുവരി മുതൽ പാർടിക്കുള്ളിൽ താൻ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ കെ സി വേണുഗോപാലിനെ ധരിപ്പിച്ചിരുന്നു. ഒരോ തവണയും സന്ദേശങ്ങൾ അയച്ച്‌ പ്രശ്‌നപരിഹാരത്തിന്‌ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ടു. നേരിട്ട്‌ കാണാൻ ശ്രമിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞുമാറി. ഗത്യന്തരമില്ലാതെയാണ്‌ താൻ പാർടി വിട്ടതെന്നും ബൊർദലോയി പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home