ഡൽഹിയിൽ തമ്പടിച്ച് കർണാടക എംഎൽഎമാർ
print edition വെട്ടിലായി കോൺഗ്രസ് ഹൈക്കമാൻഡ്

പ്രതീകാത്മക ചിത്രം

എം അഖിൽ
Published on Apr 14, 2026, 12:00 AM | 1 min read
ന്യൂഡൽഹി: കർണാടകത്തിൽ മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ഡൽഹിയിലെത്തി സമ്മർദം ശക്തമാക്കിയതോടെ ഹൈക്കമാൻഡ് കടുത്ത പ്രതിസന്ധിയിൽ. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് 30 എംഎൽഎമാരാണ് ഡല്‍ഹിയില്‍ തമ്പടിക്കുന്നത്. നിലവിലെ മന്ത്രിസഭയിൽനിന്നും 20–25 പേരെ മാറ്റി തങ്ങളെ മന്ത്രിമാരാക്കണമെന്നാണ് ആവശ്യം. സിദ്ധരാമയ്യയെ മാറ്റി ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ സമ്മർദതന്ത്രം. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ, രൺദീപ് സുർജെവാല തുടങ്ങിയ നേതാക്കളെക്കണ്ട് ഉടൻ പുനഃസംഘടന നടത്തണമെന്ന് എംഎൽഎമാർ ആവശ്യമുന്നയിക്കും. അനുകൂലമായ നിലപാടുണ്ടായില്ലെങ്കിൽ തങ്ങൾക്ക് മറ്റ് വഴികളുണ്ടെന്ന ഭീഷണിയും മുഴക്കുന്നുണ്ട്. എംഎൽഎമാരിൽ ഒരു വിഭാഗം ബിജെപി നേതൃത്വവുമായി സമാന്തരചർച്ചകളും സജീവമാക്കിയിട്ടുണ്ട്.
രണ്ടരവർഷത്തിനുശേഷം മുഖ്യമന്ത്രിയെ മാറ്റാമെന്ന വാഗ്‌ദാനം മൂന്ന് വർഷം കഴിഞ്ഞിട്ടും പാലിച്ചില്ലെന്ന് ശിവകുമാർ പക്ഷം പറയുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌താണ് ശിവകുമാറിനെ നേതൃത്വം പിടിച്ചുനിർത്തിയത്. ‘പാർടിയും എംഎൽഎമാരും വിചാരിച്ചാൽ കർണാടകത്തിൽ എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രി മാറാമെന്ന്’ – കെ സി വേണുഗോപാൽ അടുത്തിടെ പ്രതികരിച്ചിരുന്നു. വേണുഗോപാലിന്റെ വാക്ക് വിശ്വസിച്ച ശിവകുമാർ കേരളത്തിൽ കോൺഗ്രസിന്റെ പ്രചാരണത്തിന് എല്ലാ സഹായവും ചെയ്‌തു. അതേസമയം, മുഖ്യമന്ത്രി കസേര പോകാതിരിക്കാൻ സിദ്ധരാമയ്യയും അനുയായികളും പതിനെട്ടടവും പയറ്റുകയാണ്. നേതൃമാറ്റം തടയാനാണ് സിദ്ധരാമയ്യ ക്യാന്പിലെ എംഎൽഎമാർ കൂട്ടത്തോടെ ഡൽഹിയിൽ തന്പടിച്ചിരിക്കുന്നതെന്ന് ശിവകുമാർ പക്ഷത്തിന്റെ ആരോപണം. കോൺഗ്രസിലെ അധികാര വടംവലി പൊട്ടിത്തെറിയിലെത്തിയാൽ അട്ടിമറി സാധ്യത മുന്നില്‍കണ്ട് ബിജെപി സുവര്‍ണാവസരം കാത്തിരിക്കുകയാണ്.










0 comments