അസമിൽ ഹിമന്തയുടെ ‘കോൺ–ജെപി’
print edition ബിജെപി സ്ഥാനാർഥിയാകാൻ കോൺഗ്രസുകാരുടെ കൂട്ടയിടി

ഹിമന്ത ബിസ്വ സർമ
ന്യൂഡൽഹി: അസമിൽ ‘കോൺ–ജെപി’യുടെ ചിറകിലേറി വീണ്ടും അധികാരത്തിലെത്താൻ മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് ബിജെപിയിലേക്ക് ചാടിയ നാല് പ്രമുഖ കോൺഗ്രസ് നേതാക്കൾക്കാണ് ഹിമന്ത ഇക്കുറി സീറ്റുകൾ നൽകിയിട്ടുള്ളത്. കോൺഗ്രസ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പ്രദ്യുത് ബൊർദൊലോയ് എംപി, മുൻ കോൺഗ്രസ് അധ്യക്ഷൻ ഭുപേൻകുമാർ ബോറ, മുൻ ഡെപ്യൂട്ടി ചീഫ്‌വിപ്പ് കമലാഖ്യ ദേ പുർകായസ്‌ത, സിറ്റിങ് എംഎൽഎ ശശികാന്തദാസ് എന്നിവരെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. ബിജെപിയുടെ 15 സ്ഥാനാർഥികൾക്ക് ശക്തമായ കോൺഗ്രസ് പശ്ചാത്തലമുണ്ട്.
ബിജെപിയുടെ സജീവനേതാക്കളെ അവഗണിച്ചാണ് കോൺഗ്രസ് വിട്ടുവന്നവർക്ക് ഹിമന്ത വാരിക്കോരി സീറ്റുകൾ നൽകിയത്. ഇതിനെതിരെ, സംസ്ഥാന ബിജെപിയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഹിമന്തയും കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ ആളാണ്. ബിജെപിയെ കോൺഗ്രസ് ആക്കാനാണ് ഹിമന്തയുടെ ശ്രമമെന്നും ‘കോൺ–ജെപി’ സർക്കാർ രൂപീകരിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ബിജെപി ദേശീയനേതൃത്വത്തിനും ആർഎസ്‌എസിനും ചില നേതാക്കൾ പരാതികൾ നൽകിയതായും റിപ്പോർട്ടുണ്ട്.
കോൺഗ്രസ് ബിജെപിയുടെ ‘എ ടീം’ ആയെന്നാണ് കഴിഞ്ഞ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായിരുന്ന എഐയുഡിഎഫിന്റെ ആരോപണം. ബിജെപിയെയും ഹിമന്തയെയും വീണ്ടും അധികാരത്തിൽ എത്തിക്കാനുള്ള പണികളാണ് കോൺഗ്രസ് എടുക്കുന്നതെന്ന് എഐയുഡിഎഫ് നേതാവ് ബദറുദീൻ അജ്‌മൽ പറഞ്ഞു. എട്ട് കോൺഗ്രസ് എംഎൽഎമാരും ഒരു എംപിയും മുൻ സംസ്ഥാന അധ്യക്ഷനും തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ ചേർന്നു. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഹിമന്തയിൽനിന്നും പണം പറ്റിയാണ് പ്രവർത്തിക്കുന്നത്. അവരുടെ ഏക ലക്ഷ്യം ബിജെപിയെ വീണ്ടും അധികാരത്തിൽ എത്തിക്കുകയാണെന്നും ബദറുദീൻ അജ്‌മൽ പറഞ്ഞു.
2021 നിയമസഭാ തെരഞ്ഞെടുപ്പിലും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും അസമിൽ എഐയുഡിഎഫും കോൺഗ്രസും സഖ്യത്തിലായിരുന്നു. എന്നാൽ, ഇക്കുറി എഐയുഡിഎഫുമായി സഖ്യമുണ്ടാക്കില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന എഐയുഡിഎഫുമായി കൂട്ടുകെട്ട് തുടർന്നാൽ ഭൂരിപക്ഷ വോട്ടുകൾ അകലുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് തീരുമാനം.










0 comments