ബംഗളൂരുവിൽ 13,614 ഏക്കറില്‍ വൻകിട കൈയേറ്റം
print edition കോൺഗ്രസ് ബുൾഡോസർ ; 2 സെന്റുകാർക്കുനേരെ മാത്രം

ബംഗളൂരു യെലഹങ്ക കൊഗിലുവിലെ ഫക്കീർ കോളനിയിൽ ശുചിമുറിയില്ലാത്തതിനാൽ തുറന്ന സ്ഥലത്തിരുന്ന് കുളിക്കുന്നയാൾ
ബംഗളൂരു
കൈയേറ്റമാരോപിച്ച് യെലഹങ്ക കൊഗിലുവിൽ ഇരുനൂറോളം കുടുംബങ്ങളെ ബുൾഡോസർ ഉപയോഗിച്ച് കുടിയിറക്കിയ കോൺഗ്രസ് സർക്കാർ വൻകിടക്കാർക്കെതിരെ കണ്ണടച്ചു. റവന്യൂ അടക്കം 15 വകുപ്പുകളിലായി 13,614.37 ഏക്കർ സ്ഥലം ബംഗളൂരുവിലെ രണ്ട് ജില്ലയിൽ മാത്രമായി കൈയേറ്റമുണ്ടെന്ന് 2007ൽ ബിജെപി സർക്കാർ നിയമിച്ച, രാമസ്വാമി കമീഷൻ റിപ്പോർട്ട് പറയുന്നു. ഇതിനെല്ലാംകൂടി 27377.75 കോടി രൂപയാണ് അന്ന് വിപണിവില കണക്കാക്കിയത്. ഇപ്പോൾ വിപണിവില ഇരട്ടിയായിട്ടുണ്ടാകും.
ബംഗളൂരു സിറ്റി, അർബൻ ജില്ലകളിലായി നാലു താലൂക്കിലും ഒമ്പത് നഗരസഭയിലും ബംഗളൂരു കോർപറേഷനിലും (ബിഎംപി) നിയമസഭാ സമിതിയടക്കം നടത്തിയ പരിശോധനയ്‌ക്ക് ശേഷമാണ് രാമസ്വാമി കമീഷൻ റിപ്പോർട്ടുവച്ചത്. കൈയേറ്റങ്ങൾ തടയണമെന്നും സർക്കാർ ഭൂമി ഏറ്റെടുക്കണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഇൗ റിപ്പോർട്ടിന്റെയുംകൂടി അടിസ്ഥാനത്തിലാണ് യെലഹങ്ക കൊഗിലുവിൽ ബുൾഡോസർ നടപടി ഉണ്ടായതെന്നാണ് കോൺഗ്രസുകാരും കേരളത്തിൽ ലീഗുകാരും പറയുന്നത്. എന്നാൽ 30 വർഷമായി പ്രദേശത്ത് താമസിക്കുന്ന വെറും രണ്ട് സെന്റ് താമസക്കാരെയാണ് ഭീകരത സൃഷ്ടിച്ച് തെരുവിലേക്ക് വലിച്ചെറിഞ്ഞത്. വിവാദമായപ്പോൾ പുനരധിവാസമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഇപ്പോഴും ഇരുന്നൂറോളം കുടുംബങ്ങളിലെ ആയിരത്തിലധികംപേർ തെരുവിലാണ്.
രാമസ്വാമി കമീഷൻ റിപ്പോർട്ട് വന്നശേഷം ബിജെപി സഹായത്തോടെ കുമാരസ്വാമിയും, ഇപ്പോൾ കോൺഗ്രസ് സർക്കാരും കർണാടക ഭരിച്ചു. വൻകിട കൈയേറ്റത്തിനെതിരെ ഒരുനടപടിയും ഇൗ സർക്കാരുകൾ സ്വീകരിച്ചില്ലെന്ന് സിപിഐ എം കർണാടക മുൻ സംസ്ഥാന സെക്രട്ടറി വി ജെ കെ നായർ പറഞ്ഞു.
കൂടുതൽ കൈയേറിയത് റവന്യു ഭൂമി
രാമസ്വാമി റിപ്പോർട്ട് പ്രകാരം ബംഗളുരുവിലെ 9294 ഏക്കർ റവന്യു ഭൂമി കൈയേറിയിട്ടുണ്ട്. ഇതിന് 18,588 കോടി രൂപ വിപണിവിലയും ഇട്ടിരുന്നു. നഗരത്തിൽ ആഡംബര മേഖലയിലെ വൻകിട ഫ്ലാറ്റുകളും മറ്റും ഇൗ ഭൂമിയിലുണ്ട്. സമാനമായ റിയൽ എസ്‌റ്റേറ്റ് താൽപര്യമാണ്, വിമാനത്താവളത്തിനും റെയിൽവേ സ്‌റ്റേഷനും ഇടയിലുള്ള യെലഹങ്ക കൊഗിലുവിലും ഉണ്ടായത് എന്നും ആക്ഷേപമുണ്ട്.
ബംഗളൂരു വികസന അതോറിറ്റിയുടെ 2878.2 ഏക്കറാണ് ഇത്തരത്തിൽ കൈയേറിയിട്ടുള്ളത്. ദേവസ്വം (38.9), വനം (1877.08), വ്യവസായ വികസന ബോർഡ് (33.22), നഗരസഭകൾ (8.08), കോർപറേഷൻ (7.08), ഹൗസിങ് ബോർഡ് (34.08), വഖഫ് ബോർഡ് (259.33), ഭവന സഹകരണ സൊസൈറ്റികൾ (86.19), ബംഗളൂരു സർവകലാശാല (11.22), ഗതാഗത വകുപ്പ് (3.31), ആരോഗ്യ വകുപ്പ് (3.20), മൃഗസംരക്ഷണം (45), ചേരി നിർമാർജന ബോർഡ് (12.19) എന്നിങ്ങനെയാണ് കർണാടകയിലെ കൈയേറ്റത്തിന്റെ കണക്ക്.











0 comments