print edition ഐക്യം തകർത്ത് കോൺഗ്രസ് വഞ്ചന; ഡിഎംകെയെ തള്ളിപ്പറഞ്ഞ് ടിവികെയ്‌ക്ക് പിന്തുണ

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 24 മണിക്കൂർ തികയുംമുമ്പെ കേന്ദ്രത്തിലും സംസ്ഥാനത്തും 20 വർഷത്തെ സഖ്യകക്ഷിയായ ഡിഎംകെയെ സ്ഥാനമാനങ്ങൾക്കായി വഞ്ചിച്ച കോൺഗ്രസ് നിലപാട് ദേശീയതലത്തിലും ചർച്ചയാകുന്നു. ഇടതുപക്ഷ പാർടികൾ ചെയ്‌തതുപോലെ സർക്കാരിനെ പുറമെനിന്ന് പിന്തുണയ്‌ക്കാമെന്നിരിക്കെയാണ് അതിന് കൂട്ടാക്കാതെ ടിവികെയുടെ സഖ്യകക്ഷിയായി കോൺഗ്രസ് സ്വയംപ്രഖ്യാപനം നടത്തിയത്. മന്ത്രിസ്ഥാനങ്ങളും ബോർഡ് അധ്യക്ഷ പദവികളും അടക്കം വലിയ വിലപേശൽ നടത്തിയായിരുന്നു കൂറുമാറ്റം. കോൺഗ്രസ് നടപടി ബിജെപിക്കെതിരായ ഇന്ത്യ കൂട്ടായ്‍മയെ ദുർബലപ്പെടുത്തുന്നതായി.
ഡിഎംകെ നേതൃത്വം നൽകിയ മതനിരപേക്ഷ പുരോഗമന സഖ്യത്തിൽ 28 സീറ്റുകൾ ഡിഎംകെയോട് ചോദിച്ചുവാങ്ങിച്ച കോൺഗ്രസ് അഞ്ചിൽ മാത്രമാണ് ജയിച്ചത്. ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഫലം വന്ന ദിവസം രാത്രി തന്നെ സംസ്ഥാന ഘടകത്തെ തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് ചുമതലപ്പെടുത്തി. മന്ത്രിസ്ഥാനങ്ങളടക്കം ചോദിച്ചുവാങ്ങി ഒരു മടിയും കൂടാതെ ടിവികെയ്‌ക്കൊപ്പം ചേരാമെന്ന സന്ദേശമാണ് ഹൈക്കമാൻഡ് നൽകിയത്.
കേവലഭൂരിപക്ഷത്തിനുള്ള 118 സീറ്റിൽ എത്താൻ ബുദ്ധിമുട്ടുകയായിരുന്ന ടിവികെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ ഡിഎംകെ സഖ്യം ഉപേക്ഷിച്ചതായി കോൺഗ്രസ് സംസ്ഥാന ഘടകം പ്രഖ്യാപിച്ചു. ഒപ്പംനിന്ന ഡിഎംകെയുടെ നേതാവായ എം കെ സ്‌റ്റാലിനോട് ഒരു വാക്കുപോലും പറയാതെയാണ് വഞ്ചനാപരമായ മുന്നണി മാറ്റം.
ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ സർക്കാർ രൂപീകരിക്കട്ടെയെന്ന നിലപാടാണ് സിപിഐ എമ്മും സിപിഐയും വിസികെയും തുടക്കം മുതൽ സ്വീകരിച്ചത്. ഗവർണറെ ഉപയോഗിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രീയക്കളി തുടങ്ങിയതോടെ അപകടം തിരിച്ചറിഞ്ഞ ഇടതുപക്ഷം സാഹചര്യങ്ങൾ സ്‌റ്റാലിനുമായി ചർച്ച ചെയ്‌തു. തുടർന്ന് ബിജെപിയുടെ രാഷ്ട്രീയക്കളി തടയാൻ ഡിഎംകെ മുന്നണിയിൽ തന്നെ തുടർന്നുകൊണ്ട് ടിവികെയ്‍ക്ക് ഉപാധിരഹിത പിന്തുണ അറിയിക്കുകയായിരുന്നു. കോൺഗ്രസ് നന്ദിപോലും പറഞ്ഞില്ലെന്നും ഇടതുപക്ഷ പാർടികൾ ഒപ്പം നിന്നെന്നും എം കെ സ്‌റ്റാലിനും പ്രതികരിച്ചു.
പ്രതിപക്ഷ ഐക്യം ദുർബലപ്പെടുത്ത കോൺഗ്രസിന്റെ നടപടിക്കെതിരെ കടുത്ത പ്രതികരണങ്ങളാണ് ഉണ്ടായത്. പാർലമെന്റിൽ കോൺഗ്രസിനൊപ്പം ഇരിക്കാനില്ലെന്നും ഇരിപ്പിടങ്ങളുടെ ക്രമീകരണം മാറ്റണമെന്നും ഡിഎംകെ സ്‌പീക്കർക്ക് കത്ത് നൽകി. കോൺഗ്രസ് നിലപാടുകളെ പരോക്ഷമായി വിമർശിച്ച് സമാജ്‌വാദി പാർടിയും രംഗത്തെത്തി.









0 comments