'കാർഗിൽ ഹീറോ' കേണൽ സോനം വാങ്ചുക്ക് അന്തരിച്ചു

കേണൽ സോനം വാങ്ചുക്ക് (Photo: Special Forces of India's Facebook)
ന്യൂഡൽഹി: 'കാർഗിൽ ഹീറോ' കേണൽ സോനം വാങ്ചുക്ക് അന്തരിച്ചു. വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വിരമിച്ച ശേഷം ലഡാക്കിലായിരുന്നു അദ്ദേഹം താമസം. കാർഗിൽ യുദ്ധത്തിൽ ശത്രുസൈന്യത്തെ തുരത്തുന്നതിൽ സമാനതകളില്ലാത്ത പോരാട്ടം കാഴ്ചവെച്ച അദ്ദേഹത്തെ രാജ്യം രണ്ടാമത്തെ ഉയർന്ന സൈനിക ബഹുമതിയായ മഹാവീർ ചക്ര നൽകി ആദരിച്ചിട്ടുണ്ട്.
കാർഗിൽ യുദ്ധകാലത്ത് ബറ്റാലിക് സെക്ടറിലെ 'ചോർബത് ലാ' പിടിച്ചെടുക്കുക എന്ന അതീവ ദുഷ്കരമായ ദൗത്യമായിരുന്നു മേജർ പദവിയിലായിരുന്ന സോനം വാങ്ചുക്കിനെ ഏൽപ്പിച്ചിരുന്നത്. ലഡാക്ക് സ്കൗട്ട്സിനെ നയിച്ച് 5,500 മീറ്റർ ഉയരത്തിലുള്ള ഹിമാനി പ്രദേശത്ത് അദ്ദേഹം നടത്തിയ മുന്നേറ്റം സൈനിക ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ്. കഠിനമായ മഞ്ഞുവീഴ്ചയെ അവഗണിച്ച് ശത്രു കേന്ദ്രങ്ങൾ ആക്രമിച്ച അദ്ദേഹം ആറ് പാക് സൈനികരെ വധിക്കുകയും തന്ത്രപ്രധാനമായ പോസ്റ്റുകൾ തിരിച്ചുപിടിക്കുകയും ചെയ്തു.
അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ലഡാക്കിലെ രണ്ട് സൈനിക പോസ്റ്റുകൾക്ക് 'സോനം 1', 'സോനം 2' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. വാങ്ചുക്കിന്റെ നിര്യാണത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുശോചനം രേഖപ്പെടുത്തി. "ലഡാക്കിന്റെ അഭിമാനിയായ മകൻ" എന്നാണ് അദ്ദേഹം വാങ്ചുക്കിനെ വിശേഷിപ്പിച്ചത്. ഓപ്പറേഷൻ വിജയ് സമയത്ത് പ്രായോഗികമായ മാതൃകയിലൂടെ അദ്ദേഹം തന്റെ സൈനികരെ പ്രചോദിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ പാരമ്പര്യം വരുംതലമുറകൾക്ക് കരുത്താകുമെന്നും രാജ്‌നാഥ് സിംഗ് എക്സിൽ കുറിച്ചു.











0 comments