ad
Deshabhimani

ഐഷി ഘോഷിനെ വേട്ടയാടുന്ന നടപടി ഭീരുത്വം; രൂക്ഷവിമർശനവുമായി സിജെപി

Aishe Ghosh Abhijeet Dipke

ഐഷി ഘോഷ് (ഇടത്), അഭീജിത് ദീപ്കെയ്ക്കൊപ്പം ഐഷി ഘോഷ് ജന്തർ മന്തറിലെ പ്രക്ഷോഭവേദിയിൽ (വലത്)

വെബ് ഡെസ്ക്

Published on Jul 28, 2026, 11:21 PM | 2 min read

ന്യൂഡൽഹി: എസ്ഏഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ വേട്ടയാടുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി കോക്രോച്ച് ജനതാ പാർടി (സിജെപി). ഐഷി ഘോഷിനെ ഭീഷണിപ്പെടുത്തുകയും വേട്ടയാടാനുമുള്ള നീക്കം ഭീരുത്വവും അപലപനീയവുമാണെന്ന് സിജെപി എക്സിൽ കുറിച്ചു.





"വിദ്യാർഥി പ്രക്ഷോഭകരെ രാജ്യവ്യാപകമായി വേട്ടയാടുന്ന പൊലീസിന്റെ നടപടി പ്രതിഷേധാർഹമാണ്. പാറ്റകൾ ചത്തൊടുങ്ങില്ല. ഈ വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ സമാധാനപരമായ പ്രതിഷേധവുമായി ഞങ്ങൾ വീണ്ടും വരും. നമ്മൾ ഇപ്പോഴും ജനാധിപത്യവ്യവസ്ഥയിലാണ് ജീവിക്കുന്നത്. അത് ഇല്ലാതാക്കാൻ അനുവദിക്കില്ല"- സിജെപി എക്സിൽ പ്രതികരിച്ചു.


ഐഷി ഘോഷിന് എന്തെങ്കിലും സംഭവിച്ചാൽ രാജ്യം ഇതുവരെ കാണാത്തവിധം പ്രക്ഷോഭം ഉയരുമെന്ന് സിജെപി വക്താവ് അശുതോഷ് രം​ഗെ പറഞ്ഞു. "ഞങ്ങളുടെ ടീമിനെതിരായ വേട്ടയാടൽ അവസാനിപ്പിക്കൂ, വാക്ക് പാലിക്കൂ"- എന്ന് കേന്ദ്രസർക്കാരിനോട് അശുതോഷ് ആവശ്യപ്പെട്ടു.





ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെയുള്ള പൊലീസ് പീഡനം തുടരുകയാണെങ്കിൽ, വീണ്ടും ശക്തമായി പ്രതിഷേധിക്കുമെന്ന് സിജെപി നേതാവ് അഭീജിത് ദീപ്കെ അറിയിച്ചിരുന്നു. കേന്ദ്രത്തിന്റെ പ്രതികാര നടപടികൾ വേ​ഗം അവസാനിപ്പിക്കണമെന്നും അഭിജീത് ആവശ്യപ്പെട്ടു. വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള പ്രതികാര നടപടികളും വേട്ടയാടലുകളും കേന്ദ്ര സർക്കാർ എത്രയും വേഗം അവസാനിപ്പിക്കണം. അല്ലെങ്കിൽ സമാധാനപരമായ പ്രതിഷേധവുമായി വീണ്ടും രം​ഗത്തിറങ്ങുമെന്ന് സിജെപി വക്താവ് സൗരവ് ദാസ് എക്സിൽ കുറിച്ചു.


ചൊവ്വ വൈകുന്നേരമാണ് സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിൽ കടന്നുകയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് ശ്രമിച്ചത്. കേന്ദ്രസർക്കാരിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടി. ജന്തർമന്തറിൽ നടന്ന യുവജനപ്രക്ഷോഭത്തിന്റെ മുൻനിരയിൽ ഐഷി ഘോഷുണ്ടായിരുന്നു. ജന്തർമന്തർ പ്രക്ഷോഭത്തിന്റെ പേരിൽ യുവജനങ്ങളെ അറസ്‌റ്റ്‌ ചെയ്യരുതെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. അതിനാലാണ് അഞ്ച് വർഷം മുൻപുള്ള കേസിന്റെ പേരിൽ ഐഷിയെ കുടുക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചത്.


ഏകെജി ഭവനിൽ കടന്നുകയറി ഐഷിയെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസിന്റെ നീക്കം സിപിഐ എം നേതാക്കളുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് പൊളിഞ്ഞു. 2021ലെ കേസിന്റെ പേരിലാണ് ജാമ്യമില്ലാ വാറണ്ട്‌ പ്രകാരം പൊലീസ് എത്തിയത്. എന്നാൽ ആ കേസ് വരുന്ന 30ന് കോടതി പരി​ഗണിക്കാനിരിക്കുകയാണ്. യൂണിഫോമോ ബാഡ്ജോ ധരിക്കാത്ത ഉദ്യോ​ഗസ്ഥരാണ് എത്തിയത്. എകെജി ഭവനിലുണ്ടായിരുന്ന സിപിഐ എം രാജ്യസഭ നേതാവ്‌ ജോൺ ബ്രിട്ടാസ് ഇത് ചോദ്യംചെയ്തു. ഉദ്യോ​ഗസ്ഥരോട് എവിടെയാണ് നിങ്ങളുടെ ബാഡ്ജും യൂണിഫോമുമെന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചു. എന്നാല്‍, മഴ ആയതുകൊണ്ടാണ് യൂണിഫോം ധരിക്കാതിരുന്നത് എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ പ്രതികരണം. യൂണിഫോം ധരിച്ചുവരൂ, ഞങ്ങൾ കാത്തുനിൽക്കാമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. പിന്നാലെ പൊലീസുകാര്‍ എകെജി ഭവനില്‍നിന്ന് മടങ്ങി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home