ചീഫ് ജസ്റ്റിസിന്റെ ജനവിരുദ്ധ പരാമർശത്തിനെതിരെ യുവജനരോഷം; വേറിട്ട സമരരൂപവുമായി 'കോക്രോച്ച് ജനതാ പാർട്ടി'

കോക്രോച്ച് ജനതാ പാർട്ടി
ഡൽഹി: രാജ്യത്തെ തൊഴിലില്ലാത്ത ഉദ്യോഗാർത്ഥികളെയും യുവാക്കളെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 'പാറ്റകളോട്' ഉപമിച്ച് അധിക്ഷേപിച്ചതിനെതിരെ രാജ്യവ്യാപകമായി ഡിജിറ്റൽ പ്രതിഷേധം. ജനവിരുദ്ധ പരാമർശത്തിന് എതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) സോഷ്യൽമീഡിയയിൽ വൈറലാണ്. മെയ് 16-ന് മാത്രം ആരംഭിച്ച സിജെപിയുടെ ഇൻസ്റ്റാഗ്രാം പേജ് ഇതിനകം 12.1 ദശലക്ഷം ഫോളോവേഴ്സിനെ സ്വന്തമാക്കിയിരിക്കുകയാണ്.
സുപ്രീംകോടതിയിലെ ഒരു വാദത്തിനിടെ, തൊഴിലില്ലാത്ത യുവാക്കൾ ആർടിഐ പ്രവർത്തകരായി മാറി വ്യവസ്ഥിതിയെ ആക്രമിക്കുകയാണെന്നും അവർ 'പാറ്റകളെപ്പോലെ' പെരുകുകയാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമർശം. തൊഴിലില്ലാത്ത ഒരു കൂട്ടം യുവാക്കൾ ആക്ടിവിസ്റ്റുകളായി മാറി ഭരണകൂട വ്യവസ്ഥിതിയെ (സിസ്റ്റത്തെ) ആക്രമിക്കാൻ തുടങ്ങുകയാണെന്ന വിചിത്രമായ കണ്ടെത്തലാണ് അദ്ദേഹം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ വ്യാജ ബിരുദമുള്ളവരെയാണ് താൻ ഉദ്ദേശിച്ചതെന്ന് പറഞ്ഞ് അദ്ദേഹം തലയൂരാൻ ശ്രമിച്ചെങ്കിലും യുവജനത ഈ വിശദീകരണം തള്ളി.
'മടിയന്മാരും എപ്പോഴും ഓൺലൈനിൽ സമയം ചെലവഴിക്കുന്നവരും തൊഴിലില്ലാത്തവരുമായ യുവാക്കളുടെ പാർട്ടി' എന്ന പ്രഖ്യാപനത്തോടെയാണ് സിജെപി ഡിജിറ്റൽ പ്രതിഷേധം ആരംഭിച്ചത്. യുഎസ്സിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ അഭിജീത് ദിപ്കെയാണ് ഈ വേറിട്ട സമരരൂപത്തിന് പിന്നിൽ. ജുഡീഷ്യറിയിലെ പ്രീണനം അവസാനിപ്പിക്കണമെന്ന് തുടങ്ങി അഞ്ചിന മാനിഫെസ്റ്റോ പാർട്ടി മുന്നോട്ട് വെക്കുന്നുണ്ട്.











0 comments