ad
Deshabhimani

ഡൽഹിയിൽ കനത്ത സുരക്ഷ: ഭരണകൂട വേട്ടയ്‌ക്കെതിരെ 'ക്രോക്രോച് ജനത'; മാർച്ച് ജന്തർമന്ദറിലേക്ക്

CJP.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 06, 2026, 09:53 AM | 1 min read

ന്യൂഡൽഹി: സിബിഎസ്ഇ പുനർമൂല്യനിർണയത്തിലെ അട്ടിമറിക്കും കേന്ദ്ര സർക്കാരിന്റെ കരിനിയമങ്ങൾക്കുമെതിരെ രാജ്യത്തെ യുവജന-വിദ്യാർത്ഥി പ്രക്ഷോഭം തെരുവിലേക്ക്. സോഷ്യൽ മീഡിയ കൂട്ടായ്മകളിൽ നിന്നും ഉയർന്നുവന്ന 'ക്രോക്രോച് ജനത പാർടി' (സിജെപി) എന്ന ആദ്യ ജെൻ സി മുന്നേറ്റം ഇന്ന് രാജ്യതലസ്ഥാനത്ത് പരസ്യമായ വൻ പ്രതിഷേധത്തിന് തുടക്കം കുറിക്കുകയാണ്. വിദ്യാർത്ഥി വിരുദ്ധ നയങ്ങൾ തുടരുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്ദറിലാണ് ഈ സമരം അരങ്ങേറുന്നത്.


ഇടത്പക്ഷ വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ സിജെപിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർത്ഥി രോഷം ഇരമ്പുന്നതോടെ ഡൽഹിയിൽ വൻ പൊലീസ് സന്നാഹത്തെയാണ് കേന്ദ്ര സർക്കാർ വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധത്തെ അടിച്ചമർത്താൻ ലക്ഷ്യമിട്ട് ഡൽഹി പൊലീസ് ഉന്നതതല യോഗം ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.


രാവിലെ 9 മണിക്ക് ആരംഭിച്ച ധർണയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ആയിരക്കണക്കിന് യുവാക്കളാണ് ഡൽഹിയിലേക്ക് ഒഴുകിയെത്തുന്നത്. ഒറ്റയ്ക്കൊറ്റയ്ക്കല്ലാതെ കൂട്ടത്തോടെയും ഗ്രൂപ്പുകളായും മാത്രമേ സമരഭൂമിയിലേക്ക് എത്താവൂ എന്ന് സിജെപി നേതൃത്വം പ്രവർത്തകർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രതീകമായി കൈകളിൽ ഇന്ത്യൻ ഭരണഘടനയും പുസ്തകങ്ങളും ഏന്തിയായാണ് വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ അണിനിരക്കുന്നത്.


സമാധാനപരമായ പ്രതിഷേധത്തിലൂടെ ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കാനാണ് സമരക്കാരുടെ നീക്കം. സമരഭൂമിയിൽ തങ്ങളെ നേരിടാനെത്തുന്ന പൊലീസുകാരോട് മോശമായി പെരുമാറരുതെന്നും, അവർക്ക് പൂക്കൾ നൽകി വിയോജിപ്പ് അറിയിക്കണമെന്നും ജനാധിപത്യപരമായ മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നു. ജാഗ്രതയുടെ ഭാഗമായി സമരപരിപാടികൾ പൂർണ്ണമായും മൊബൈലിലും ക്യാമറകളിലും ചിത്രീകരിക്കാനും നിർദേശമുണ്ട്. രാവിലെ എട്ട് മണിക്ക് സമര നേതാവ് അഭിജിത്ത് ദീപ്കെ ഡൽഹി വിമാനത്താവളത്തിലെത്തി.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home