ad
Deshabhimani

കൽക്കരി കുംഭകോണക്കേസ്: മുൻ എംപിയും കൽക്കരി സെക്രട്ടറിയും ഉൾപ്പെട്ട കേസിലും തോൽവി ഏറ്റുവാങ്ങി സിബിഐ

COAL
വെബ് ഡെസ്ക്

Published on Mar 27, 2026, 03:34 PM | 2 min read

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച കൽക്കരി ബ്ലോക്ക് അനുവദിക്കൽ കുഭകോണത്തിൽ ഉൾപ്പെട്ട സുപ്രധാന കേസിലെ പ്രതികളെ വെറുതെ വിട്ടു. മുൻ രാജ്യസഭാ എം പി വിജയ് ദർദയും മുൻ കൽക്കരി സെക്രട്ടറി എച്ച്സി ഗുപ്തയും ഉൾപ്പെട്ട കേസാണ്. സിബിഐ ഹാജരാക്കിയ തെളിവുകൾ ദുര്‍ബലമായതിന്റെ ആനുകൂല്യത്തിലാണ് ഇരുവരും കുറ്റ വിമുക്തരായത്.


വിജയ് ദർദയുടെ മകൻ ദേവേന്ദ്ര ദർദ ഉൾപ്പെടെയുള്ള മറ്റ് പ്രതികൾക്കെതിരെയും തെളിവില്ലെന്ന് കോടതി പറഞ്ഞു. പത്ത് വർഷത്തിലേറെ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് സി ബി ഐ പ്രത്യേക ജഡ്ജി സുനൈന ശർമ്മ കേസിൽ വിധി പ്രസ്താവിച്ചത്.


മഹാരാഷ്ട്രയിലെ ബന്ദർ കൽക്കരി ബ്ലോക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ഈ കേസിനാധാരം. 2012-ൽ സി ബി ഐ രജിസ്റ്റർ ചെയ്ത 50-ലധികം കേസുകളിൽ ആദ്യത്തെ കുറ്റപത്രം സമർപ്പിക്കപ്പെട്ടത് ഈ കേസിലായിരുന്നു. എഎംആർ അയൺ ആൻഡ് സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി, ഉദ്യോഗസ്ഥരുമായി ചേർന്ന് ഗൂഢാലോചന നടത്തി കൽക്കരി ബ്ലോക്ക് നേടിയെടുത്തു എന്നതായിരുന്നു പ്രധാന കുറ്റം.


വിജയ് ദർദ അന്നത്തെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ശുപാർശ കത്തുകൾ അയച്ചു എന്നതും, ഇതിനായി 24.6 കോടി രൂപയുടെ അവിഹിത ഇടപാടുകൾ നടന്നുവെന്നതും അന്വേഷണത്തിന്റെ ഭാഗമായിരുന്നു.


പ്രോസിക്യൂഷൻ ഉന്നയിച്ച വഞ്ചന, ക്രിമിനൽ ഗൂഢാലോചന, ഉദ്യോഗസ്ഥ ദുർനടപടി എന്നീ കുറ്റങ്ങൾ തെളിയിക്കുന്നതിൽ സി ബി ഐ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി.


കേസിൽ ആരോപിക്കപ്പെട്ടിരുന്ന 24.6 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കാൻ സി ബി ഐക്ക് സാധിച്ചില്ല. പണവും കൽക്കരി ബ്ലോക്ക് അനുവദിക്കലും തമ്മിലോ, വിജയ് ദർദ എഴുതിയ കത്തുകളുമായോ പരസ്പര ബന്ധവും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.


വിജയ് ദർദ 1998 മുതൽ 2016 വരെ മൂന്ന് തവണ തുടർച്ചയായി രാജ്യസഭാംഗമായിരുന്നു. ലോകമത് (Lokmat) മീഡിയ ഗ്രൂപ്പിന്റെ ചെയർമാൻ കൂടിയാണ്.


കൽക്കരി കുഭകോണ കേസിൽ ഇതുവരെ ഏകദേശം 27-ലധികം കേസുകളിൽ വിചാരണ പൂർത്തിയാവുകയും വിധി പറയുകയും ചെയ്തിട്ടുണ്ട്. ഏകദേശം 29 അഴിമതിക്കേസുകൾ കൂടി പ്രത്യേക സി ബി ഐ കോടതികളിൽ നിലവിൽ വിചാരണയുടെ വിവിധ ഘട്ടങ്ങളിലായി ബാക്കിയുണ്ട്. മുൻ കൽക്കരി സെക്രട്ടറി എച്ച്സി ഗുപ്തക്കെതിരെ മാത്രം 19 കേസുകളാണുണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home