ദേശീയ ഷൂട്ടിങ് താരത്തിന് പീഡനം; പരിശീലകന് സസ്പെൻഷൻ

ന്യൂഡല്‍ഹി: ദേശീയ ഷൂട്ടിങ് താരത്തെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ച പരിശീലകന് സസ്പെൻഷൻ. ദേശീയ ഷൂട്ടിങ് പരിശീലകൻ അങ്കുഷ് ഭരദ്വാജിനെതിരെയാണ് നടപടി. ഇയാൾക്കെതിരെ ഹരിയാന പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ഷൂട്ടിങ് മത്സരത്തിലെ പ്രകടനം അവലോകനം ചെയ്യാനെന്ന പേരിൽ ഫരീദാബാദിലെ ഒരു ഹോട്ടലിൽ എത്തിച്ചാണ് 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് അങ്കുഷിനെതിരെ കേസെടുത്തത്. പീഡനവിവരം പുറത്തുപറഞ്ഞാൽ കരിയർ നശിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. ഡിസംബർ 16-നാണ് സംഭവം നടന്നത്. ഡൽഹിയിലെ ഡോ. കർണി സിംഗ് ഷൂട്ടിങ് റേഞ്ചിൽ നടന്ന ദേശീയ തല ഷൂട്ടിംഗ് മത്സരത്തിൽ പങ്കെടുത്തതിന് ശേഷമായിരുന്നു പെൺകുട്ടിയെ പരിശീലകൻ ഹോട്ടലിലെത്തിച്ചത്. പ്രകടനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ചർച്ച നടത്താനെന്ന വ്യാജേന പരിശീലകൻ തന്റെ മുറിയിലേക്ക് പെൺകുട്ടിയെ കൊണ്ടുപോകുകയായിരുന്നു.
സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം തുടരുകയാണ്. പരിശീലകനെ ഉടൻ ചോദ്യം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഎഐ) നിയമിച്ച 13 ദേശീയ പിസ്റ്റൾ പരിശീലകരിൽ ഒരാളായിരുന്നു അങ്കുഷ്. പരിശീലക സ്ഥാനത്ത് നിന്ന് അങ്കുഷിനെ നീക്കിയതായി എൻആർഐ സെക്രട്ടറി ജനറൽ പവൻ കുമാർ സിങ് അറിയിച്ചു.










0 comments