സിഎൻജി വിലയും കൂട്ടി; ടാക്‌സി ഡ്രൈവർമാർ കടുത്ത പ്രതിസന്ധിയിൽ


സ്വന്തം ലേഖകൻ
Published on Apr 05, 2026, 12:00 AM | 1 min read
ന്യൂഡൽഹി: രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ സ്വകാര്യ കമ്പനികൾ സിഎൻജി വിലയും വർധിപ്പിച്ചു. തമിഴ്‌നാട്, യുപി, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, ഹരിയാന എന്നിവിടങ്ങളിൽ സിഎൻജിയും കുഴൽ വഴിയുള്ള പിഎൻജിയും വിതരണം ചെയ്യുന്ന ടൊറന്റ് ഗ്യാസ് കമ്പനി സിഎൻജി വില കിലോയ്‌ക്ക് രണ്ടര രൂപ കൂട്ടി. പിഎൻജി വിലയും വൈകാതെ കൂട്ടുമെന്നാണ് സൂചന.
സിഎൻജി വില കൂട്ടിയതോടെ ടൊറന്റ് ഗ്യാസിന്റെ വിതരണശൃഖലയുള്ള സംസ്ഥാനങ്ങളിലെ ഓട്ടോ ഡ്രൈവർമാരും ടാക്‌സി ഡ്രൈവർമാരും കടുത്ത പ്രതിസന്ധിയിലായി. ഇൗ സംസ്ഥാനങ്ങളിൽ സിഎൻജിയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് അടക്കമുള്ള വ്യവസായങ്ങളും ബുദ്ധിമുട്ടിലാണ്. പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ മറവിൽ എൽപിജിയടക്കം വിവിധ ഇന്ധനങ്ങളുടെ വില നേരത്തെ സർക്കാർ കൂട്ടിയിരുന്നു. വിമാന ഇന്ധന വിലയും പ്രീമിയം പെട്രോൾ–ഡീസൽ വിലയും കൂട്ടി.
വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുൻനിർത്തി പെട്രോൾ–ഡീസൽ വില മാത്രം തൽക്കാലത്തേക്ക് കൂട്ടിയിട്ടില്ല.ഗൾഫിൽ നിന്ന് എൽപിജി നിറച്ച ഗ്രീൻ സാൻവി എന്ന ഇന്ത്യൻ കപ്പൽ കൂടി ഇറാന്റെ പ്രത്യോകാനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നു. നിലവിൽ 17 ഇന്ത്യൻ കപ്പലുകൾ ഹോർമുസിലുണ്ട്.











0 comments