ജനങ്ങൾക്ക് വീണ്ടും പ്രഹരം; ഡൽഹിയിൽ സിഎൻജി വില വീണ്ടും വർദ്ധിപ്പിച്ചു, രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഊർജ്ജ പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമാകുന്നതിനിടെ സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം. രാജ്യതലസ്ഥാനമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും സിഎൻജി വില വീണ്ടും വർദ്ധിപ്പിച്ചു.
കിലോഗ്രാമിന് ഒരു രൂപയാണ് ഇന്ന് വർദ്ധിപ്പിച്ചത്. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സിഎൻജി വില ഉയർത്തുന്നത്. ഇൻദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് ആണ് പുതുക്കിയ നിരക്കുകൾ പുറത്തുവിട്ടത്. പുതുക്കിയ നിരക്കുകൾ പ്രകാരം ഡൽഹിയിൽ ഒരു കിലോഗ്രാം സിഎൻജിയുടെ വില 76.59 രൂപയായി ഉയർന്നു.
നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വില കിലോഗ്രാമിന് 82.20 രൂപയായും വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും സിഎൻജിക്ക് കിലോഗ്രാമിന് ഒരു രൂപ വർദ്ധിപ്പിച്ചിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളിൽ മാത്രം രണ്ട് രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആഗോള വിപണിയിൽ പ്രകൃതിദത്ത വാതകത്തിന്റെ വിലയിലുണ്ടായ വർദ്ധനവും വിതരണത്തിലെ കുറവുമാണ് വില കൂട്ടാൻ കാരണമായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ തുടർച്ചയായുള്ള ഈ വിലവർദ്ധനവ് ഡൽഹിയിലെ ഓട്ടോ, ടാക്സി, മറ്റ് പൊതുഗതാഗത മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കും.
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും ഇന്ധനവില നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിനെതിരെയും ജനരോഷം ശക്തമാകുകയാണ്. സിഎൻജി വില വർദ്ധിച്ചതോടെ ഡൽഹിയിൽ യാത്രാനിരക്കുകളും ഒപ്പം നിത്യോപയോഗ സാധനങ്ങളുടെ കടത്തുകൂലിയും വർദ്ധിക്കാൻ ഇടയാക്കും.
ഇത് വിപണിയിൽ വീണ്ടും കടുത്ത വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് സാധാരണക്കാർ. ആഗോള യുദ്ധസാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഇന്ധനവില നിരന്തരം വർദ്ധിപ്പിക്കുന്ന കേന്ദ്ര നിലപാടിനെതിരെ പ്രതിപക്ഷ കക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.











0 comments