ഇറാനെതിരായ യുഎസ്- ഇസ്രയേൽ ആക്രമണം: അപലപിച്ച് ഒമർ അബ്ദുള്ളയും തരിഗാമിയും

ഒമർ അബ്ദുള്ള, മുഹമ്മദ് യൂസഫ് തരിഗാമി
ശ്രീനഗർ : ഇറാനെതിരായ യുഎസും ഇസ്രയേലും ചേർന്ന് നടത്തുന്ന കടന്നാക്രമണങ്ങളെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയും അപലപിച്ചു. സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്ര മാർഗങ്ങൾ ഉപയോഗിക്കണമെന്ന് ഇരുവരും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെയും മറ്റുള്ളവരുടെയും കൊലപാതകം ചൂണ്ടിക്കാട്ടിയ ഒമർ അബ്ദുള്ള യുദ്ധം നടത്തുന്ന രീതി ന്യായീകരിക്കാനാവില്ലെന്ന് നിയമസഭയിൽ പറഞ്ഞു. കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതും യുദ്ധത്തിന്റെ അനന്തരഫലങ്ങൾ അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെ മുഖ്യമന്ത്രി ചോദ്യം ചെയ്തു. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ജമ്മു കശ്മീരിലും അനുഭവപ്പെടുന്നുണ്ടെന്ന് അബ്ദുള്ള പറഞ്ഞു. ഇറാനിൽ ചില താമസക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും പെട്രോൾ പമ്പുകളിലെ നീണ്ട ക്യൂവിൽ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന വിഷയങ്ങളിൽ ചർച്ച ചെയ്യാൻ നിയമസഭയ്ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷം അവസാനിപ്പിക്കുന്നതിൽ കേന്ദ്രം സജീവവും ക്രിയാത്മകവുമായ പങ്ക് വഹിക്കണമെന്ന് മുഹമ്മദ് യൂസുഫ് തരിഗാമി പറഞ്ഞു. ഇറാനുമായുള്ള ഇന്ത്യയുടെ ദീർഘകാല ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ ഊന്നിപ്പറഞ്ഞ അദ്ദേഹം, യുദ്ധത്തിനെതിരെ ശബ്ദമുയർത്താൻ രാജ്യമെമ്പാടും ശബ്ദമുയർത്തേണ്ടതുണ്ടെന്നും സാഹചര്യം ശാന്തമാക്കാൻ സർക്കാർ പ്രവർത്തിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.










0 comments