Deshabhimani

മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല; എൽപിയു വിദ്യാർഥികൾ പെരുവഴിയിൽ, ഓഫീസിലെത്തിയവരെ പുറത്താക്കി വാതിലടച്ചു

വെബ് ഡെസ്ക്

Published on Sep 30, 2026, 04:19 PM | 1 min read| Watch Time : 12s

ന്യൂഡൽഹി: പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിലെ മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കുമെന്ന വാക്ക് പാലിക്കാതെ മുഖ്യമന്ത്രി വി ഡി സതീശൻ. സംഘർഷത്തെ തുടർന്ന് മണിക്കൂറുകൾ യാത്ര ചെയ്ത് ഡൽഹിയിലെത്തിയ മലയാളി വിദ്യാർഥികൾ സഹായം തേടി കേരള ഹൗസിലെ നോർക്ക ഓഫീസിലെത്തിയെങ്കിലും അവരെ പുറത്താക്കി വാതിലടച്ചു. പനിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി എത്തിയ വിദ്യാർഥികളോടാണ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയത്. നിലവിൽ ഇവര്‍ എസ്‌എഫ്‌ഐ ഒരുക്കിയ താമസസൗകര്യത്തിലാണ് കഴിയുന്നത്.


എൽപിയുവിലെ വിദ്യാർഥികളുടെ സുരക്ഷയും നാട്ടിലേക്കുള്ള യാത്രയും സർക്കാർ ഏറ്റെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. സർക്കാർ ചെലവിൽ സാധിച്ചില്ലെങ്കിൽ സ്വന്തം ചെലവിൽ വിദ്യാർഥികളെ നാട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണും വിദ്യാർഥികളുടെ മടക്കയാത്ര ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു.


ചൊവ്വാഴ്ച ഡൽഹിയിലുണ്ടായിരുന്ന മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും എൽപിയുവിലെ മലയാളി വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കുറച്ച് വിദ്യാർഥിനികൾക്ക് വിമാന ടിക്കറ്റും ഡൽഹിയിൽ താമസസൗകര്യവും ഒരുക്കി. എന്നാൽ പിന്നീട് സഹായം തേടിയെത്തിയ വിദ്യാർഥികൾക്കാണ് കേരള ഹൗസിൽനിന്ന് ദുരനുഭവമുണ്ടായത്.


ക്യാമ്പസിലെ സംഘർഷത്തെ തുടർന്ന് ക്ലാസുകൾ പത്ത് ദിവസത്തേക്ക് നിർത്തിവച്ചതോടെ നിരവധി വിദ്യാർഥികളാണ് നാട്ടിലേക്ക് മടങ്ങാൻ പുറപ്പെട്ടത്. ക്യാമ്പസിൽ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഐ എം സംസ്ഥാന സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആയിരത്തിലധികം മലയാളി വിദ്യാർഥികൾ സർവകലാശാലയിൽ പഠിക്കുന്നുണ്ട്.


ബുധനാഴ്ച ആലപ്പുഴ, കോഴിക്കോട്, തൃശൂർ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളാണ് സഹായം തേടി കേരള ഹൗസിലെ നോർക്ക ഓഫീസിലെത്തിയത്. ഇവരിൽ പലർക്കും കടുത്ത പനിയും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ഒൻപത് മണിക്കൂറോളം ട്രെയിനിൽ യാത്ര ചെയ്താണ് സംഘം ഡൽഹിയിലെത്തിയത്.


ഒന്നാം വർഷ വിദ്യാർഥി മുഹമ്മദ് സഹൽ നാട്ടിലേക്കുള്ള യാത്രാസഹായം ആവശ്യപ്പെട്ടപ്പോൾ, വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണം ഒരുദിവസത്തേക്ക് മാത്രമായിരുന്നുവെന്നാണ് നോർക്ക ഓഫീസിൽനിന്ന് ലഭിച്ച മറുപടി. യാത്രാസഹായം സാധ്യമല്ലെങ്കിൽ താമസസൗകര്യമെങ്കിലും ഒരുക്കണമെന്ന് സഹൽ ആവശ്യപ്പെട്ടു. പിന്നാലെ വിദ്യാർഥിയെ ഓഫീസിന് പുറത്താക്കുകയും വാതിലടയ്ക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home