ജമ്മു കശ്‌മീരിലെ മേഘവിസ്‌ഫോടനം; 38 മരണം, നൂറിലധികം പേർക്ക് പരിക്ക്

PHOTO: PTI
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 38 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ രണ്ട് സിഐഎസ്എഫ് ജവാൻമാരും ഉൾപ്പെടും. മിന്നൽപ്രളയത്തിൽ നൂറിലധികം പേർക്കാണ് പരിക്ക് പറ്റിയത്.
രക്ഷാപ്രവർത്തനത്തിനായി രണ്ട് എൻഡിആർഎഫ് ഉൾപ്പെടെയുള്ള സേനകൾ ചോസിതിയിലേക്ക് എത്തിയിട്ടുണ്ട്. മിന്നൽപ്രളയത്തിൽ പെട്ട 98 പേരെ ഇതുവരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സമീപത്തുള്ള അത്തോളി ആശുപത്രിയിലും കിഷ്‌ത്വാർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
മചായ്‌ൽ മാതാ ക്ഷേത്രത്തിലേക്ക് തീർഥാടകർ പോകുന്ന വഴിയാണ് മേഘവിസ്‌ഫോടനമുണ്ടായത് എന്നത് ദുരന്തത്തിന്റെ വ്യാപ്‌തി വർധിപ്പിക്കുന്നു. 2,800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ ഇപ്പോൾ തീർഥാടന കാലമാണ്. ക്ഷേത്രത്തിലേക്ക് കാൽനടയായി പോവുന്ന തീർഥാടകർ വാഹനങ്ങൾ നിർത്തിവയ്‌ക്കുന്നത് ചോസിതിയിലാണ്.
തീർഥാടനകാലത്ത് ആയിരക്കണക്കിനാളുകളാണ് ക്ഷേത്രത്തിലേക്കുത്തന്നത്. ദുരന്തത്തെത്തുടർന്ന് ക്ഷേത്രത്തിലേക്കുള്ള യാത്ര നിർത്തിവച്ചു. ജൂലൈ 25 മുതൽ സെപ്‌തംബർ അഞ്ചുവരെയാണ് തീർഥാടനകാലം.









0 comments