ഹിമാചൽ പ്രദേശിൽ കനത്ത മഴയും വെള്ളപ്പൊക്കവും

ഷിംല : ഹിമാചൽ പ്രദേശിൽ കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷം. മഴ ശക്തമായതിനെത്തുടർന്ന് മാണ്ഡിയിൽ ഒന്നിലധികം സ്ഥലങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. കിരാത്പൂർ-മണാലി ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനായി പൊലീസും ദുരന്ത നിവാരണ സേനയും സന്നദ്ധ പ്രവർത്തകരും രക്ഷാദൗത്യം ആരംഭിച്ചു.
മാണ്ഡി ജില്ലയിലാണ് മഴ ഏറ്റവുമധികം ദുരിതം വിതച്ചത്. പനാർസ, തകോളി, നാഗ്‌വെയ്ൻ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. ദുരിതബാധിത പ്രദേശങ്ങളിൽ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കിരാത്പൂർ- മണാലി ദേശീയപാതയിൽ വെള്ളം കെട്ടിക്കിടന്നതോടെ ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ ജില്ലയിലെ നിരവധി അരുവികൾ കരകവിഞ്ഞൊഴുകി. ജോഗ്നി മാതാ ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതോടെ ഗതാഗതം തടസപ്പെട്ടു.









0 comments