print edition ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ സമരം: സിജെപി

ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ജൂലൈ 25ന് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിന് ഉചിതമായ നടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുമെന്ന് കോക്രോച്ച് ജനതാ പാർടി. നടപടിയെടുത്തില്ലെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ സിജെപി ദേശീയ പ്രവർത്തകസമിതി യോഗം വിളിക്കുമെന്നും പ്രതിഷേധ പരിപാടിയെ സംബന്ധിച്ച് തീരുമാനിക്കുമെന്നാണ് മുന്നറിയിപ്പ്.
ജൂലൈ 20ന് പാർലമെന്റ് മാർച്ചിൽ അരങ്ങേറിയ പൊലീസ് അതിക്രമം ഉന്നതതല സമിതി അന്വേഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് സിജെപി അടുത്ത പ്രക്ഷോഭത്തെക്കുറിച്ച് സൂചന നൽകിയത്. ഉന്നതതല സമിതിയിൽ തങ്ങളുടെ പ്രതിനിധികളെയും അംഗമാക്കണമെന്ന് സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ പിൻവലിക്കുന്ന നടപടി കേന്ദ്രസർക്കാർ വൈകിപ്പിക്കുകയാണ്. പ്രതിഷേധക്കാർക്കെതിരെയുള്ള എഫ്‌ഐആർ വിശദാംശങ്ങൾ നൽകാൻ സുപ്രീംകോടതി മൂന്നുതവണയാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന ഉറപ്പും പാലിച്ചിട്ടില്ല. കേന്ദ്രസർക്കാർ രാജ്യത്തെ മുഴുവൻ വഞ്ചിച്ചിരിക്കുകയാണെന്നും സൗരവ് ദാസ് പറഞ്ഞു.
കേസുകൾ റദ്ദാക്കുന്നതിനായി ഭരണഘടന അനുഛേദം 142 നടപ്പാക്കുന്നതിനായുള്ള നിലപാടെടുക്കുമെന്ന് സർക്കാർ അറിയിച്ചെങ്കിലും അതുണ്ടായില്ലെന്ന് സിജെപി നിയമകാര്യ മേധാവി രത്‌ന സിങ് പറഞ്ഞു.










0 comments