ad
Deshabhimani

ഗ്യാനേഷ് കുമാറിന് നൽകിയ സമയപരിധി ഇന്ന് തീരും; രാജിയില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക സമരം

Gyanesh Kumar
വെബ് ഡെസ്ക്

Published on Sep 26, 2026, 11:18 AM | 1 min read

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി നൽകിയ 48 മണിക്കൂർ സമയപരിധി ഇന്ന് അവസാനിക്കും. ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയാത്ത പക്ഷം ഒക്ടോബർ രണ്ടിന് മുംബൈയിൽനിന്ന് രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് സിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നീട് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും സമരം വ്യാപിപ്പിക്കും. ഡൽഹിയിൽ ‘ജന്തർമന്തർ 2.0’ സംഘടിപ്പിക്കാനാണ് തീരുമാനം.


'ഇലക്ഷൻ കമീഷൻ ടീക് കരോ’ എന്ന പേരിലാണ് സിജെപി പുതിയ പ്രക്ഷോഭഘട്ടം പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജിയോടൊപ്പം പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം നിർത്തിവയ്ക്കുക, 2025 ജനുവരിയിലെ വോട്ടർപട്ടിക സംരക്ഷിക്കുക, എസ്‌ഐആർ നടപടികളുമായി ബന്ധപ്പെട്ട രേഖകൾ സുപ്രീംകോടതിയുടെയോ സ്വതന്ത്ര ജുഡീഷ്യൽ മേൽനോട്ടത്തിലുള്ള അന്വേഷണത്തിന്റെയോ പരിധിയിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങളും സിജെപി മുന്നോട്ടുവച്ചിട്ടുണ്ട്.


ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി വിവിധ പ്രതിപക്ഷ പാർടികൾക്കും ടിവികെക്കും സിജെപിക്കും കത്തയച്ചിട്ടുണ്ട്. വിഷയത്തിൽ സംയുക്ത പ്രതിഷേധത്തിനുള്ള നീക്കവും പുരോഗമിക്കുകയാണ്.


ഇന്നുമുതൽ അഞ്ച് ഇടതുപക്ഷ പാർടികളുടെ ഒരാഴ്ച നീളുന്ന രാജ്യവ്യാപക പ്രതിഷേധപരിപാടികളും ആരംഭിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്‌ഐആർ നിർത്തിവയ്ക്കുക, തെറ്റായി ഒഴിവാക്കിയ അർഹരായ വോട്ടർമാരെ പട്ടികയിൽ തിരിച്ചുചേർക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഒക്ടോബർ രണ്ട് വരെ പ്രതിഷേധം തുടരും.


തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര വിയോജിപ്പുകൾ പുറത്തുവന്നതോടെയാണ് ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം വ്യാപിച്ചത്. കഴിഞ്ഞ പത്ത് മാസത്തിനിടെ തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കുറഞ്ഞത് 14 തവണ ഔദ്യോഗിക വിയോജിപ്പുകൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട് പുറത്തുവന്നു. വോട്ടർപട്ടികയിൽ പേരുകൾ ചേർക്കൽ, ഒഴിവാക്കൽ, ഫോം 6ൽ വരുത്തിയ മാറ്റങ്ങൾ, വോട്ടർ ഡാറ്റയുടെ കേന്ദ്രീകരണം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിലാണ് ഇരുവരും എതിർപ്പ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.


എസ്‌ഐആർ വഴി 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13 കോടിയിലധികം പേരുകൾ കരട് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെയാണ് വോട്ടവകാശം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രത, തീരുമാനങ്ങളിലെ സുതാര്യത എന്നിവ ദേശീയതലത്തിൽ വലിയ രാഷ്ട്രീയ വിഷയമായി മാറിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home