എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് വെട്ടേറ്റു; ആക്രമിച്ചത് ജീവിതപങ്കാളി

വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ പണമിടപാട് കേസിലെ രണ്ടാം പ്രതി കീർത്തനയ്ക്ക് വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ വച്ച് കുത്തേറ്റു. പേരാമ്പ്ര ബിആർസിയിലെ മുൻ സ്പെഷ്യലിസ്റ്റ് അധ്യാപികയും മരുതോങ്കര സ്വദേശിയുമായ കീർത്തന (31) യ്ക്കാണ് വെട്ടേറ്റത്. ജീവിതപങ്കാളിയായ പെരുവണ്ണാമുഴി തണ്ടോറപ്പാറ സ്വദേശി താനിയോട്ടിൽ ജിനീഷാ (38) ണ് ആക്രമിച്ചത്.
ഹൈക്കോടതി ജാമ്യം അനുവദിച്ച കീർത്തന ജാമ്യവ്യവസ്ഥയുടെ ഭാഗമായി ശനിയാഴ്ച രാവിലെ പത്തോടെയാണ് വടകര പൊലീസ് സ്റ്റേഷനിൽ എത്തിയത്. എല്ലാ ശനിയാഴ്ചയും സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്നായിരുന്നു കോടതി നിർദേശം. ഒപ്പിട്ട് മടങ്ങുന്നതിനിടെ സ്റ്റേഷൻ വളപ്പിലെ വനിതാ സെല്ലിന് മുന്നിൽവച്ചാണ് ജിനീഷ് ആക്രമിച്ചത്.
ആദ്യം കഴുത്തിലും പിന്നീട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും തുടർച്ചയായി കുത്തിയെന്നാണ് ലഭ്യമായ വിവരം. ഗുരുതരമായി പരിക്കേറ്റ കീർത്തനയെ ആദ്യം വടകര ഗവ. ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ജിനീഷിനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.
വടകര കേന്ദ്രീകരിച്ചുള്ള എംഡിഎംഎ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് പേരാമ്പ്ര ബിആർസിയിലെ മുൻ അധ്യാപികയായ കീർത്തന നേരത്തെ അറസ്റ്റിലായത്. എംഡിഎംഎയുമായി സഫ്‌വാൻ എന്നയാൾ പിടിയിലായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കീർത്തനയിലേക്ക് പൊലീസ് എത്തിയത്. ലഹരിവിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കീർത്തനയുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
കീർത്തനയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതിന് പിന്നാലെ കാവ്യ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകളിലേക്കും പണം കൈമാറിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പേരാമ്പ്ര ബിആർസിയുമായി ബന്ധപ്പെട്ട കാവ്യ, നീഷ്മ എന്നിവരെയും ഓൺലൈൻ ഡെലിവറി ജീവനക്കാരനായ ജിജിൽ കുര്യാക്കോസിനെയും കേസിൽ അറസ്റ്റ് ചെയ്തു. ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട വലിയ സാമ്പത്തിക ശൃംഖലയെക്കുറിച്ചാണ് പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തിയത്.
അറസ്റ്റിന് പിന്നാലെ കീർത്തനയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് സെപ്തംബർ എട്ടിന് കോഴിക്കോട് വനിതാ ജയിലിൽ നിന്ന് കീർത്തന പുറത്തിറങ്ങി. കേസിൽ ലഹരിവിൽപ്പനയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് കീർത്തനയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.









0 comments