ad
Deshabhimani

സ്കൂളിൽ സന്ദര്‍ശനം: സിജെപി സംഘത്തെ കയ്യേറ്റം ചെയ്ത് ബിജെപി; നീതി ലഭിക്കും വരെ കുത്തിയിരുന്ന് സമരമെന്ന് അഭിജീത് ദീപ്കെ

cjp.jpg
വെബ് ഡെസ്ക്

Published on Aug 21, 2026, 05:05 PM | 1 min read

ജയ്പുർ: രാജസ്ഥാനിലെ ജയ്പൂരിൽ സ്കൂളിൽ പരിശോധനയ്ക്കെത്തിയ പാര്‍ടി നേതാക്കളെ ബിജെപി സംഘം ആക്രമിച്ച സംഭവത്തില്‍ കോക്രോച്ച് ജനത പാർടി (സിജെപി) ശക്തമായ സമരത്തിലേക്ക്. സിജെപി സഹസ്ഥാപകൻ അശുതോഷ് റാങ്കയ്ക്കും മറ്റ് നേതാക്കൾക്കുമാണ് മർദനമേറ്റത്. ജയ്പുരിലെ ബാഗ്രുവിലുള്ള സർക്കാർ പ്രൈമറി സ്കൂൾ സന്ദർശിക്കാൻ എത്തിയപ്പോഴാണ് സിജെപി സംഘത്തെ തടഞ്ഞുനിർത്തി ആക്രമിച്ചത്. ബിജെപി പ്രാദേശിക നേതാവ് പുറത്തുനിന്ന് ഗുണ്ടകളെ കൊണ്ടുവന്ന് പ്രവർത്തകരെ ആക്രമിക്കുകയായിരുന്നെന്ന് അശുതോഷ് റാങ്ക പറഞ്ഞു. സംഭവത്തിന്റെ വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്.


സിജെപി നേതാക്കളെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ജയ്പൂരിലെത്തി കുത്തിയിരിപ്പ് സമരം നടത്തുമെന്ന് സിജെപി സ്ഥാപക നേതാവ് അഭിജീത് ദീപ്കെ പറഞ്ഞു. അടുത്ത 48 മണക്കൂറിനുള്ളിൽ സ്കൂളിന്റെ ശോചനീയ പരിഹരിക്കണമെന്നും ബിജെപി ​ഗുണ്ടകളെ പിടികൂടണമെന്നും ദീപ്കെ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സ്കൂളിന് മുന്നിലെത്തി കുത്തിയിരിപ്പ് സമരം നടത്തുമെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ദീപ്കെ പറഞ്ഞു. ജന്തർമന്തറിൽ നടത്തിയത് പോലെ വലിയ പ്രക്ഷോഭ സമരത്തിലേക്ക് സിജെപി വീണ്ടും മാറുകയാണ്.


രാജസ്ഥാനിലെ വിദ്യാർഥികൾ പശുത്തൊഴുത്തിലിരുന്ന് പഠിക്കാൻ നിർബന്ധിതരായ സംഭവം വലിയ വാർത്തായിരുന്നു. ഇതിന് പിന്നാലെയാണ് സിജെപി പ്രവർത്തകർ സ്കൂൾ സന്ദർശിക്കൻ എത്തിയത്. സ്കൂളുകളുടെ ദാരുണാവസ്ഥ പുറത്തറിയാതിരിക്കാൻ ക്യാമറകൾക്കും പുറത്തുനിന്നുള്ളവർക്കും വിദ്യാഭ്യാസ വകുപ്പ് വിലക്കേർപ്പെടുത്തിയതായി ആരോപണമുണ്ടായിരുന്നു.



നേരത്തെ ബിജെപി സഖ്യസർക്കാർ ഭരിക്കുന്ന മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളുകളുടെ ശോച്യാവസ്ഥയില്‍ സർക്കാരിനെതിരെ രൂക്ഷവിമർശവുമായി അഭിജീത് ദീപ്കെ രം​ഗത്തെത്തിയിരുന്നു. ‘മന്ത്രിമാരുടെ വളർത്തുനായകൾക്കുപോലും സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് കിട്ടുന്നതിനേക്കാൾ സൗകര്യമുണ്ടെ’ന്ന് ദീപ്കെ പറഞ്ഞു. മഹാരാഷ്ട്ര സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാജി ഭൂസെ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ‘സ്കൂൾ ഠീക്ക് കരോ' ക്യാമ്പയിനിന്റെ ഭാ​ഗമായി ലാത്തൂരിലെ ഉജനി ജില്ലാ പരിഷത്ത് സ്കൂൾ സന്ദർശിച്ചതിന് ശേഷമായിരുന്നു പ്രതികരണം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home