'ഗ്യാനേഷ് കുമാർ രാജിവെക്കണം'; മുംബൈയിൽ സിജെപി പ്രതിഷേധം

മുംബൈ: തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ശിവാജി പാർക്കിൽ സിജെപി പ്രതിഷേധം. മാർച്ചിന് മഹാരാഷ്ട്ര സർക്കാർ അനുമതി നിഷേധിച്ചതിനാൽ പാർക്കിന് പുറത്താണ് യുവജനങ്ങൾ സംഘടിച്ചിരിക്കുന്നത്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു. നിരവധി യുവാക്കളും വിദ്യാർഥികളുമാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.
മൂന്ന് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സിജെപി പ്രതിഷേധം. തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ വഴിവിട്ട് സഹായിക്കുന്ന ഗ്യാനേഷ് കുമാർ രാജിവയ്ക്കുക, 2025ലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കുകയും അത് പ്രകാരം തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുക, തെരഞ്ഞെടുപ്പ് കമീഷണറെ നിയമിക്കുന്നതിൽ സുതാര്യത വേണം, എസ്ഐആർ നടപടികൾ നിർത്തിവയ്ക്കുക എന്നിവ ആവശ്യപ്പെട്ടാണ് പ്രതിഷേധം. കേന്ദ്ര സർക്കാർ ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധങ്ങൾ തുടരുമെന്ന് സിജെപി അറിയിച്ചു.
ശിവാജി പാർക്കിൽ 'ജയിൽ ഭരോ ആന്ദോളൻ' (ജയിൽ നിറയ്ക്കൽ സമരം) നടത്തുമെന്ന് നേരത്തെ സിജെപി അറിയിച്ചിരുന്നു. വൈകുന്നേരം 4നാണ് പ്രതിഷേധം തുടങ്ങിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ പ്രതിഷേധ വേദിയിലെത്തിയിട്ടുണ്ട്. ദേശീയ പതാകയേന്തിയാണ് പ്രതിഷേധ പ്രകടനത്തിൽ പ്രവർത്തകർ പങ്കെടുക്കുന്നത്.









0 comments