Deshabhimani

സ്കൂൾ ​ഗെയിംസിനും കത്തിവച്ചു: സർക്കാർ അലംഭാവത്തിനെതിരെ രോഷം ഉയരുന്നു

School games

മത്സരം മാറ്റിയതില്‍ രക്ഷിതാക്കളുടെ പ്രതിഷേധം

വെബ് ഡെസ്ക്

Published on Oct 02, 2026, 05:14 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കത്തിവെച്ച് യുഡിഎഫ് സർക്കാർ. സ്കൂൾ സബ് ജില്ലാ കായികമേളകളിലെ സംഘാട‌നത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചതിനു പിന്നാലെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ​ഗെയിംസിന്റെ സംഘാടനത്തിലും അടിമുടി പിഴവുകളാണെന്ന് രക്ഷിതാക്കൾ പറയുന്നു. യാതൊരു മുന്നറിയിപ്പുകളും ഇല്ലാതെ മത്സരങ്ങൾ മാറ്റുന്നു. കുട്ടികൾക്ക് വേണ്ട അടിസ്ഥാന സൗകര്യം പോലുമില്ല. ​ഗെയിംസിനായി വേദിയിൽ എത്തുമ്പോഴാണ് മത്സരങ്ങൾ മാറ്റുന്ന വിവരം അറിയുന്നത്. ഏറെ ദൂരം സഞ്ചരിച്ച് തിരികെ പോയി വീണ്ടും വരേണ്ട ​ഗതികേടിലാണെന്ന് രക്ഷിതാക്കൾ വെളിപ്പെടുത്തി.





കഴിഞ്ഞ ദിവസം നീന്തൽ ചാമ്പ്യൻഷിപ് നടന്ന അക്വാട്ടിക് കോംപ്ലക്സിലെ മേൽക്കൂര തകർന്നുവീണു. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. പിന്നാലെ നീന്തൽ ചാമ്പ്യൻഷിപ്പ് മാറ്റി. എന്നാൽ വിവരം കുട്ടികളും മാതാപിതാക്കളും അറിഞ്ഞത് വേദിയിൽ എത്തിയതിനു ശേഷമാണ്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്കൂൾ ​ഗെയിംസിന്റെ തുടക്കം മുതൽ അലംഭാവമാണെന്നും രക്ഷിതാക്കൾ പറഞ്ഞു,


തങ്ങൾക്ക് ഭക്ഷണം പോലും ഇല്ലെന്നും കുടിക്കാൻ വെള്ളം പോലും ലഭിക്കുന്നില്ലെന്ന് കുട്ടികളും പറഞ്ഞു. സ്വന്തം ജില്ലയുടെ പേരെഴുതിയ ജേഴ്സി പോലും ലഭ്യമായിട്ടില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. ഇത്രയും വലിയൊരു മേള നടക്കുന്ന സ്ഥലത്ത് ബാത്ത്റൂം സൗകര്യം പോലും ഇല്ല. ഒരു ദിവസം ഭക്ഷണത്തിനായി തരുന്നത് 150 രൂപ മാത്രമാണെന്നും വിദ്യാർഥികൾ കൂട്ടിച്ചേർത്തു. അടിസ്ഥാന സൗകര്യം പോലും ഒരുക്കിയിട്ടില്ലെന്നാണ് ഉയരുന്ന പ്രധാന വിമർശനം. മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ മോശം സംഘാടനമാണ് നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും വൃത്തികെട്ട രീതിയിൽ സ്കൂൾ ​ഗെയിംസ് നടക്കുന്നത്. ഇനങ്ങളിൽ പങ്കെടുത്ത് മടങ്ങി വരുന്ന വിദ്യാർഥികൾ വെള്ളമില്ലാതെ ശുചിമുറിയിലെ പൈപ്പിൽ നിന്നും വെള്ളം കുടിക്കേണ്ട അവസ്ഥയിലാണെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.





ചെറിയ രീതിയിലുള്ള കാറ്റും മഴയും വന്നപ്പോൾ തന്നെ മേൽക്കൂര തകർന്ന് കുട്ടികൾക്ക് പരിക്കേറ്റതിലും വിമർശനം ശക്തമാണ്. സ്റ്റേഡിയം വിദ്യാഭ്യാസ വകുപ്പിന് വിട്ടുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും അവരാണ് സംഘാടകർ എന്നുമാണ് കായിക വകുപ്പിന്റെ വിശദീകരണം. പരാതികൾക്ക് ശാശ്വത പരിഹാരം കാണാതെ ‌പരസ്പരം പഴിചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. ഭാവികേരളത്തിന്റെ അഭിമാനമാകേണ്ട കുട്ടികളെ പ്രതിസന്ധിയിലാക്കുകയാണ് യുഡിഎഫ് സർക്കാർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home