കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെ സിജെപിയുടെ പ്രതിഷേധം നാളെ; അനുമതി നിഷേധിച്ച് പൊലീസ്

ന്യൂഡൽഹി: രാജ്യത്തെ വിവിധ മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നാളെ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കും.
പ്രതിഷേധം പൂർണ്ണമായും സമാധാനപരമായിരിക്കുമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദീപകെ വ്യക്തമാക്കിയിട്ടുണ്ട്. പ്രമുഖ ചലച്ചിത്ര താരം പ്രകാശ് രാജ് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ നേരിട്ടെത്തി പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകും സിജെപിയുടെ സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർത്ഥി സമൂഹത്തെ ബാധിക്കുന്ന വിഷയമായതിനാൽ പ്രക്ഷോഭത്തിന് പിന്തുണ നൽകുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സിജെപി നേതാക്കൾ എസ്എഫ്ഐ ഡൽഹി സംസ്ഥാന ഭാരവാഹികളുമായി ചർച്ച നടത്തിയിരുന്നു. നാളത്തെ പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്ത് എസ്എഫ്ഐ പ്രതിനിധി സംസാരിക്കും.
അതേസമയം, തലസ്ഥാന നഗരിയെ ഇളക്കിമറിക്കാൻ പോന്ന പ്രതിഷേധത്തിന് അനുമതി നിഷേധിക്കാനാണ് ഡൽഹി പൊലീസിന്റെ നീക്കം. പരസ്യ പ്രക്ഷോഭവുമായി മുന്നോട്ട് പോകുന്ന സിജെപിയുടെയും മറ്റ് സംഘടനകളുടെയും തുടർനീക്കങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രഹസ്യാന്വേഷണ വിഭാഗവും അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.
നീറ്റ് പരീക്ഷയ്ക്ക് പുറമെ സിബിഎസ്ഇ, സിഇയുടി, എസ്എസ്‌സി പരീക്ഷകളിലും വ്യാപകമായ ക്രമക്കേടുകളും ചോർച്ചയും സംഭവിച്ച പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സമരം.
ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭംഗം വരുത്തുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ മാസം കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ കേന്ദ്ര സർക്കാർ ഇന്ത്യയിൽ ജിയോ-ബ്ലോക്ക് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്.









0 comments