പുലർച്ചെ വീട്ടിൽ വിളിച്ച് ജയിലിലേക്കാണെന്ന് പറയിച്ചു; മരണമറിഞ്ഞ് വിളിക്കാൻ പോലും സമ്മതിച്ചില്ല: വൈകാരിക കുറിപ്പുമായി അഭിജീത് ദീപ്കെ

ന്യൂഡൽഹി: മുത്തശ്ശിയുടെ മരണവാർത്ത അറിഞ്ഞപ്പോൾ പോലും തന്നെ കുടുംബവുമായി ബന്ധപ്പെടാൻ അനുവദിച്ചില്ലെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഡൽഹി പൊലീസിൽ നിന്നും കേന്ദ്രസേനകളിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ചത്.
ഉച്ചതിരിഞ്ഞാണ് മുത്തശ്ശി മരിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ തന്നെ അറിയിക്കുന്നത്. മുത്തശ്ശിയോടൊപ്പം താമസിക്കുന്ന ബന്ധുവിനെ ഫോണിൽ ബന്ധപ്പെടണമെന്നാവശ്യപ്പെട്ടിട്ടും പൊലീസ് അനുവദിച്ചില്ല. അദ്ദേഹത്തിന്റെ നമ്പർ എടുക്കാനായി അവരുടെ മേൽനോട്ടത്തിൽ തന്നെ തന്റെ സ്വന്തം ഫോൺ ഉപയോഗിക്കാനും അനുവദിച്ചില്ല.
നിർദയം തന്റെ ആവശ്യങ്ങൾ അവർ നിഷേധിക്കുകയായിരുന്നു. എന്നാൽ പുലർച്ചെ മൂന്നര മണിക്ക് തന്റെ ഫോൺ നൽകിയ ശേഷം അച്ഛനെ വിളിച്ച് ജയിലിൽ പോകുകയാണ് എന്ന് പറയാനാവശ്യപ്പെട്ടു. ഇപ്പോൾ വിളിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും വിളിപ്പിക്കുകയായിരുന്നു.
മുത്തശ്ശിയുടെ മരണസമയത്ത് ഒന്ന് ഫോൺ വിളിക്കാൻ പോലും സമ്മതിക്കാത്ത പൊലീസ് പാതിരാത്രി വീട്ടിൽ വിളിക്കണം എന്ന് നിർബന്ധം പിടിച്ചത് എന്തിനായിരുന്നു. മുത്തശ്ശിയുടെ മരണത്തിൽ വിഷമിച്ചിരുന്ന ഉറ്റവരെ താൻ ജയിലിൽ പോകുകയാണ് എന്ന വിവരം പറഞ്ഞ് മാനസികമായി പീഡിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശത്തിലാണ് ഡൽഹി പൊലീസ് ആ നടപടിയിലേക്ക് കടന്നത്.
തീർത്തും മനുഷ്യത്വരഹിതമായ നിലപാടാണ് ഇന്നലെ മുഴുവൻ പൊലീസ് തന്നോട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഉച്ചതിരിഞ്ഞാണ് ദീപ്കെയുടെ മുത്തശ്ശി സാവിത്രിബായ് ശങ്കരറാവു (85) മരിച്ചത്. അഭിജിതിന്റെ പിതാവ് ഭഗവാൻ ദിപ്കെയുടെ അമ്മയാണ്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലെ വസതിയിലാണ് മരണം.








0 comments