നിയമനം സർവീസ് ചട്ടങ്ങൾ കാറ്റിൽപറത്തി
റവന്യു വകുപ്പിലും മുഖ്യമന്ത്രി പിടിമുറക്കുന്നു; ഭൂപരിഷ്‌കരണ നിയമ പഠന സമിതിയിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും

വി ഡി സതീശൻ
തിരുവനന്തപുരം: റവന്യു വകുപ്പ് പദ്ധതി പഠനത്തിനായി നിയോഗിച്ച സമിതിയിൽ തന്റെ പേഴ്‌സണൽ സ്‌റ്റാഫ് അംഗത്തെ നിയമിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഭൂപരിഷ്‌കരണ നിയമങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുന്നത് പഠിക്കാൻ റവന്യു വകുപ്പ് നിയോഗിച്ച വിദഗ്‌ധ സമിതിയിലാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എം എസ് മോഹനചന്ദ്രനെയും ഉൾപ്പെടുത്താൻ നിർദേശിച്ചത്. ഇതിനായി ആദ്യംമുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത് വളഞ്ഞവഴി.
ഭൂപരിഷ്‌കരണം 2.0 എന്ന പേരിൽ റവന്യു വകുപ്പ് പ്രഖ്യാപിച്ച പദ്ധതിക്കായി ഇറക്കിയ ഉത്തരവിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള പഴുത് ഉറപ്പാക്കി. അഞ്ചംഗ സമിതിയിൽ മുൻ ലാൻഡ് റവന്യൂ കമ്മീഷണർ എ ടി ജെയിംസിനെ ചെയർമാനായും, മുൻ ഗവൺമെന്റ് പ്ലീഡർ എൽ അലോഷ്യസ് തോമസ്, മുൻ ഡെപ്യൂട്ടി കളക്ടർ എം എസ് സാബു എന്നിവരെ അംഗങ്ങളായി നിശ്ചയിച്ചു. ഇതിനുപുറമെ നിയമ വകുപ്പിലെയും ലാൻഡ് റവന്യു കമീഷണറേറ്റിലെയും ഒന്നുവീതം ഉദ്യോഗസ്ഥരെ സർക്കാർ പ്രതിനിധികളായി ഉൾപ്പെടുത്താനും നിർദേശിച്ച് ഉത്തരവ് ഇറക്കി. ഇൗ ഘട്ടത്തിൽതന്നെ മുഖ്യമന്ത്രി തന്റെ എപിഎസിനെ സമിതി അംഗമാക്കാനുള്ള പഴുത് ഉറപ്പാക്കി. ഇതിനായി നിയമ വകുപ്പിൽനിന്ന് ജോയിന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ എന്ന് ഉത്തരവിൽ പ്രത്യേകം ഉൾപ്പടുത്തി. നിയമ വകുപ്പിലെ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമോഹന ചന്ദ്രന്റെ നിയമനം ഉറപ്പാക്കാനാണ് ഇൗ നിബന്ധന ഉത്തരവിൽ ഉൾപ്പെടുത്തിയതെന്ന് ഇപ്പോൾ വ്യക്തമായി. സർക്കാർ ഉത്തരവിൽ പേര് ഉൾപ്പെടുത്താതെ, മോഹനചന്ദ്രനെ സമിതി അംഗമാക്കാൻ തന്റെ കീഴിലുള്ള നിയമ വകുപ്പുവഴി ഫയലിലൂടെയാണ് മുഖ്യമന്ത്രി നിർദേശിച്ചത്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ സർക്കാർ സമിതികളിൽ നിയോഗിക്കാറില്ല. ഇത്തരം സമിതികളുടെ നിഷ്‌പക്ഷമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനാണ് ഇൗ കീഴ്‌വഴക്കം സ്വീകരിച്ചിട്ടുള്ളത്. താൽപര്യവൈരുദ്ധ്യം ഒഴിവാക്കാനായി സർവീസ് ചട്ടങ്ങളും ഇത്തരം നിയമനങ്ങൾ അനുവദിക്കുന്നില്ല. ഇതെല്ലാം കാറ്റിൽപറത്തിയാണ് തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സർക്കാർ നിയോഗിച്ച വിദഗ്‌ധ സംഘത്തിൽ അംഗമാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്.
നിലവിലെ നിയമത്തിൽ തോട്ടം ഭൂമിയിൽ മറ്റ് കൃഷികളോ നിർമ്മാണങ്ങളോ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. തോട്ടം ഭൂമിയിൽ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനും, കാർഷികാധിഷ്ഠിത വ്യവസായങ്ങൾക്കും, ഫാം ടൂറിസത്തിനുമായി നിശ്ചിത ശതമാനം ഭൂമി വിനിയോഗിക്കാൻ അനുവദിക്കുന്നത് സംബന്ധിച്ച് പഠിച്ച് നിർദേശങ്ങൾ നൽകുക എന്നതാണ് സമിതിക്ക് നൽകിയിട്ടുള്ള മുഖ്യചുമതല. അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിലേക്കാണ് മുഖ്യമന്ത്രി തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെയും ചട്ടവിരുദ്ധമായി നിയമിക്കുന്നത്.
ഇൗ സർക്കാരിന്റെ പ്രാരംഭഘട്ടത്തിൽതന്നെ നിയോഗിക്കപ്പെട്ട കിഫ്‌ബി പഠനത്തിനായുള്ള വിഗദ്‌ധ സമിതിയെ സഹായിക്കാനായി ചുമതലപ്പെടുത്തിയ ഏകോപന സമിതിയിലും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫ് അംഗത്തെ നിയമിച്ചു. മുൻ കേന്ദ്ര ആസൂത്രണ കമീഷൻ സെക്രട്ടറി സുധാ പിള്ള ചെയർമാനായ അഞ്ചംഗ വിദഗ്‌ധ സമിതിയുടെ പ്രവർത്തനങ്ങളിൽ ഇടപെടൽ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിയോഗിച്ച ആഭ്യന്തര ഏകോപന സമിതിയിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ കെ പി കെ തിലകനെ ഉൾപ്പെടുത്തി. ധന അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറായ സമിതിലെ മുതിർന്ന രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർക്കൊപ്പമാണ് തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെയും നിയോഗിച്ചത്. വിദഗ്‌ധ സമിതി അംഗങ്ങളെല്ലാം പ്രൊഫഷണലുകളാണ്. ആഭ്യന്തര ഏകോപന സമിതി അംഗങ്ങൾ ഐഎഎസ് ഉദ്യോഗസ്ഥരും. ഇവർ വഴി മുഖ്യമന്ത്രിയുടെ ഓഫീസ് താൽപര്യങ്ങൾ നടപ്പാക്കാൻ കഴിയില്ലെന്നതിനാലാണ് ചട്ടവിരുദ്ധമായി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ മുഖ്യമന്ത്രി സമിതികളുടെ ഭാഗമാക്കിയത്. കിഫ്ബിയുടെ പ്രവർത്തനം, സാമ്പത്തിക സ്രോതസ്, ഭരണനിർവഹണം എന്നിവയുടെ സമഗ്ര പരിശോധനയും പുനഃസംഘടനയും പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിക്ക് നൽകിയിട്ടുള്ള ചുമതല.
എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക തെരഞ്ഞെടുപ്പിനുള്ള ഇന്റർവ്യു ബോർഡിൽ മന്ത്രമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുകൊണ്ടാണ് സർവീസ് ചട്ടലംഘനങ്ങൾക്ക് ഇൗ സർക്കാർ തുടക്കമിടുന്നത്. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമന ഇന്റർവ്യൂ ബോർഡിൽ സ്കൂൾ മാനേജർ, പ്രിൻസിപ്പൽ എന്നിവർക്കൊപ്പം ഒരു സർക്കാർ പ്രതിനിധിയും ഉണ്ടായിരിക്കണം. ഈ സർക്കാർ പ്രതിനിധി ഡെപ്യൂട്ടി സെക്രട്ടറി, ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കണം എന്നാണ് വ്യവസ്ഥ. എന്നാൽ, പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ 3 മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുംയും, 5 മന്ത്രിമാരുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരും ഉൾപ്പെടെ 8 പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ സർക്കാർ പ്രതിനിധികളുടെ പാനലിൽ ഉൾപ്പെടുത്തി. ഇത് അധ്യാപക നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾക്കും അഴിമതിക്കും കാരണമാകുമെന്ന ആക്ഷേപം ശക്തമായതോടെ സർക്കാരിന് പിന്തിരിയേണ്ടിവന്നു. പിന്നാലെ, എയ്ഡഡ് കോളേജ് അധ്യാപക നിയമന പാനലുകളിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ ഉൾപ്പെടുത്തരുതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് നിർദേശിക്കേണ്ടതായും വന്നു








0 comments