ad
Deshabhimani

പൊലീസിന്റെ ക്രൂരതകൾ പങ്കുവയ്ക്കുന്നതിനായി സിജെപിയുടെ 'സാക്ഷി' വെബ്സൈറ്റ്; നിയമസഹായം ലഭ്യമാക്കും

cjp pressmeet
വെബ് ഡെസ്ക്

Published on Jul 27, 2026, 08:30 PM | 1 min read

ന്യൂഡൽഹി : നീറ്റ് ക്രമക്കേടിനെതിരെ ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെ വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ച പൊലീസ് ഉദ്യോ​ഗസ്ഥരെ തിരിച്ചറിയുന്നതിനായി വെബ്സൈറ്റ് ആരംഭിച്ച് സിജെപി. സാക്ഷി എന്ന പേരിലാണ് വെബ്സൈറ്റ് ആരംഭിച്ചത്. ജൂലൈ 20ന് നടന്ന ‘സൻസദ് ചലോ’ മാർച്ചിനിടെ വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കും നേരെയുണ്ടായ പൊലീസ് നടപടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെ തിരിച്ചറിയുന്നതിനായി പ്രതിഷേധക്കാരുടെ കൈവശമുള്ള ചിത്രങ്ങളും വിഡിയോകളും വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് സിജെപി വക്താവ് സൗരവ് ദാസ് ആവശ്യപ്പെട്ടു. ലഭിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ച് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ ശേഷം ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ സഹായം സിജെപി ലഭ്യമാക്കുമെന്നും സൗരവ് പറഞ്ഞു.


cjp website


ഡൽഹി പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ അഭിഭാഷകരുടെ സഹായത്തോടെ കോടതിയെ സമീപിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് നേടും. യുവാക്കളുടെ കേസുകൾ വാദിക്കാൻ താൽപര്യമുള്ള അഭിഭാഷകർ സ്വമേധയാ മുന്നോട്ടുവന്നാൽ അവരുടെ സഹായം സ്വീകരിക്കും. യുവജനപ്രക്ഷോഭത്തെ അടിച്ചമർത്താൻ നോക്കിയ, പെൺകുട്ടികളോട്‌ അപമര്യാദയായി പെരുമാറിയ മുഴുവൻ പൊലീസുകാരെയും കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുമെന്നും സൗരവ് ദാസ് വ്യക്തമാക്കി.


പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസെടുത്ത് വേട്ടയാടുന്നതിനെതിരെയും സിജെപി മുന്നറിയിപ്പ് നൽകി. രാജ്യവ്യാപകമായി നടത്തിവന്ന പ്രതിഷേധങ്ങൾ പിൻവലിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർഥികളെയും മറ്റ് പ്രക്ഷോഭകരെയും ലക്ഷ്യമിട്ട് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുന്ന വേളയിലാണ് സിജെപി രം​ഗത്തുവന്നത്. സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നുവെന്ന് സിജെപി വക്താവ് സൗരവ് ദാസ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തടവിലാക്കപ്പെട്ടവരുടെ മോചനവും എഫ്ഐആറുകൾ പിൻവലിക്കലും അടിയന്തരമായി നടന്നില്ലെങ്കിൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അടുത്ത ഘട്ട നടപടികളിലേക്ക് നീങ്ങാൻ തങ്ങൾ നിർബന്ധിതരാകുമെന്നും സിജെപി പറഞ്ഞു നൽകി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home