ad
Deshabhimani

മുഖ്യമന്ത്രിക്ക് പരാതി നൽകാൻ സെക്രട്ടറിയറ്റിൽ എത്തിയ വയോധികയ്ക്ക് പൊലീസ് മർദനം

Sharada

ശാരദ

വെബ് ഡെസ്ക്

Published on Jul 27, 2026, 09:13 PM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പരാതി നൽകാൻ സെക്രട്ടറിയറ്റിൽ എത്തിയ വയോധികയ്ക്ക് പൊലീസിന്റെ ക്രൂരമർദനം. 79കാരിയായ വർക്കല ഇടവ കൽക്കൂട്ടംവിള സ്വദേശിനി ശാരദക്കാണ് ദുരനുഭവമുണ്ടായത്. ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയായ കുടുംബം മകളുടെ ആവശ്യത്തിനായി ശാരദയിൽ നിന്നും രണ്ടര ലക്ഷം രൂപ കടം വാങ്ങി. ഈ തുക പലതവണ ചോദിച്ചുവെങ്കിലും തിരികെ ലഭിച്ചില്ല.


ശേഷം ശാരദ പൊലീസിൽ പരാതി നൽകി. കേസ് കോടതിയിൽ നിലനിൽക്കുകയായിരുന്നിട്ടും പണം തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് ശാരദ സഹായം അഭ്യർഥിച്ച് മുഖ്യമന്ത്രിയെ സമീപിച്ചത്. ആദ്യം മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകി. രണ്ട് ദിവസത്തിന് ശേഷം വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൻപ്രകാരമാണ് ശാരദ വീണ്ടും സെക്രട്ടറിയറ്റിൽ എത്തിയത്. മുഖ്യമന്ത്രിയെ കാണാനാണെന്ന് അറിയിച്ചപ്പോൾ ക‌ടത്തിവിടാൻ അനുവദിച്ചില്ലെന്നും തന്നോട് വരാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്നും അറിയിച്ചിട്ടും കടത്തിവിട്ടില്ലെന്നും ശാരദ പറയുന്നു.


മുഖ്യമന്ത്രിയെ കണ്ടേ മടങ്ങൂ എന്നറിയിച്ചപ്പോഴാണ് തനിക്ക് നേരെ മർദനമുണ്ടായതെന്ന് ശാരദ കൂട്ടിച്ചേർത്തു. വനിതാ പൊലീസുകാർ ഉൾപ്പടെ ചേർന്നാണ് തനിക്ക് നേരെ അതിക്രമം നടത്തിയെന്നാണ് വയോധികയുടെ ആരോപണം. അഞ്ച് വനിതാ പൊലീസുകാരും മൂന്ന് സിവിൽ പൊലീസ് ഉദ്യോ​ഗസ്ഥരും ചേർന്ന് പിടിച്ചുവലിച്ച് പൊലീസ് ജീപ്പിലേയ്ക്ക് തള്ളിയിട്ടു. മുഖമടിച്ചാണ് വീണത്. കണ്ണട പൊട്ടിപ്പോയി, കൈകാലുകൾക്ക് പരിക്കേറ്റു. പൊലീസ് ജീപ്പിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോൾ കാലുകൾ രണ്ടും കൂട്ടിപ്പിടിച്ച് വീണ്ടും പൊലീസ് ജീപ്പിനുള്ളിലേയ്ക്ക് വലിച്ചിടുകയാണുണ്ടായതെന്ന് ശാരദ ആരോപിച്ചു.


പൊലീസ് മർദനത്തിൽ പരിക്കേറ്റതിനെ തുടർന്ന് ശാരദ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശേഷം ആശുപത്രി അധികൃതർ മുഖേന മെഡിക്കൽ റിപ്പോർടും ഉൾപ്പടെ പരാതി നൽകുകയായിരുന്നു. ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞിരിക്കുന്ന ഹൃദ്രോ​ഗി കൂടിയാണ് ശാരദ. പരാതി നൽകുമെന്നായതോടെ തനിക്ക് പണം നൽകാമെന്ന് അറിയിച്ച് പൊലീസുകാർ ഒത്തുതീർപ്പിനും വന്നിരുന്നതായും ശാരദ ആരോപിക്കുന്നു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home