ad
Deshabhimani

വ്യാജ ലോൺ ആപ്പുകൾക്കെതിരെ ജാഗ്രത വേണമെന്ന് കേരള പൊലീസ്

loan fraud

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jul 27, 2026, 09:39 PM | 2 min read

തിരുവനന്തപുരം : വ്യാജ വായ്പ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയും എസ്എംഎസ്, വ്യാജ വെബ്സൈറ്റുകൾ എന്നിവ വഴിയുമാണ് തട്ടിപ്പ് വ്യാപകമാകുന്നത്.


ലോൺ ആപ്പുകളുടെ വ്യാജപരസ്യങ്ങൾ കണ്ട് സമീപിക്കുന്ന പൊതുജനങ്ങളെ അംഗീകൃതമായി തോന്നിക്കുന്ന വ്യാജ എപികെ (APK) ഫയലുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന സമയം തന്നെ ഫോണിലെ കോൺടാക്റ്റ് വിവരങ്ങൾ, എസ്എംഎസ്, കോൾ ഡീറ്റെയ്ൽസ്, ക്യാമറ, മൈക്രോഫോൺ, ലൊക്കേഷൻ, സ്റ്റോറേജ് തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അനുമതി തട്ടിപ്പുകാർ നേടിയെടുക്കുന്നു.


തുടർന്ന്, വ്യക്തിഗത വിവരങ്ങളടങ്ങിയ ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ, ബാങ്ക് അക്കൗണ്ട്, ജോലിസംബന്ധമായ വിവരങ്ങളടങ്ങിയ രേഖകൾ എന്നിവ ആപ്പ് വഴി അപ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നു. ഇത്തരത്തിൽ രേഖകൾ കൈവശപ്പെടുത്തിയാൽ ലോൺ അപ്രൂവ്ഡ് എന്ന വ്യാജസന്ദേശം പ്രദർശിപ്പിക്കുകയും വിശ്വാസം നേടിയെടുക്കാനായി ചെറിയ തുക അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്യുന്നു. എന്നാൽ പല സന്ദർഭങ്ങളിലും വായ്പ തുക ലഭിക്കാറില്ല. പ്രോസസിങ് ഫീ, ജിഎസ്ടി, ഇൻഷുറൻസ്, വെരിഫിക്കേഷൻ ചാർജ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്, അക്കൗണ്ട് ആക്ടിവേഷൻ ഫീ തുടങ്ങിയ പേരുകളിൽ പണം ആവശ്യപ്പെടുകയാണ് തുടർന്ന് ചെയ്യുക. ഇത്തരത്തിൽ ആവശ്യപ്പെടുന്ന പണം കൈക്കലാക്കിയാൽ വീണ്ടും വിവിധ കാരണങ്ങൾ പറഞ്ഞ് കൂടുതൽ തുക ആവശ്യപ്പെടുകയും തട്ടിപ്പുകാർ അപ്രത്യക്ഷരാകുകയും ചെയ്യുന്നു.


തട്ടിപ്പുകാർക്ക് ലഭിച്ച ഫോട്ടോ മോർഫ് ചെയ്ത് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും വ്യാപകമായി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്യുന്നതായി പൊലീസ് പറഞ്ഞു.

കൂടാതെ വ്യാജമായി കൈവശപ്പെടുത്തിയ കെവൈസി (KYC) രേഖകൾ ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, സിം കാർഡുകൾ എടുക്കുക, മറ്റ് വായ്പകൾ നേടുക, സാമ്പത്തിക തട്ടിപ്പുകൾ നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ തട്ടിപ്പുകാർ ഏർപ്പെടുകയും ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. തട്ടിപ്പ് നടത്തിക്കഴിഞ്ഞാൽ ഇതിനായി ഉപയോഗിച്ച ആപ്പും വെബ്സൈറ്റും ഉപേക്ഷിക്കുകയും ശേഷം മറ്റൊരു പേരിൽ പുതിയ ആപ്പ് നിർമിച്ച് വീണ്ടും സമാന തട്ടിപ്പുകൾ തുടരുകയും ചെയ്യുന്നു.

ഇത്തരം സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അംഗീകൃത ലോൺ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് പ്ലേസ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോർ മാത്രം ഉപയോഗിക്കുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം ഉള്ള സ്ഥാപനങ്ങളിൽ നിന്നു മാത്രം ലോൺ എടുക്കുക. എപികെ (APK)ലിങ്കുകൾ വഴി ലഭിക്കുന്ന ആപ്പുകൾ ഒരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്. സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുന്ന ലോൺ ആപ്പുകൾ ഒഴിവാക്കുക.


വിവിധ പേരുകളിൽ മുൻകൂർ പണം ആവശ്യപ്പെടുന്ന സ്ഥാപനങ്ങളെ ഒഴിവാക്കുക. ആധാർ, പാൻ, ബാങ്ക് വിവരങ്ങൾ, ഒടിപി യുപിഐ പിൻ, സിവിവി തുടങ്ങിയ വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കരുത്. തട്ടിപ്പുകാർ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടാൽ ഉടൻതന്നെ പൊലീസിനെ വിവരം അറിയിക്കുക. സൈബർ തട്ടിപ്പിനിരയായാൽ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പർ വഴിയും www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടൽ വഴിയും പരാതി നൽകാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home