ലക്ഷ്മിപ്രിയ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന അൻസിബയുടെ പരാതി: കേസെടുക്കാനാകില്ലെന്ന് കോടതി

കൊച്ചി: നടി ലക്ഷ്മിപ്രിയ സോഷ്യൽമീഡിയിലൂടെ തന്നെ അധിക്ഷേപിച്ചെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് കോടതി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. അൻസിബയുടെ പരാതിയിൽ പ്രദമദൃഷ്ട്യാ കേസെടുക്കാനുള്ള സാഹചര്യമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ആഗസ്‌ത് 29ന് മൊഴിയെടുക്കലിന് ഹാജരാകാൻ കോടതി അൻസിബയ്ക്ക് നിർദേശം നല്‍കി. എന്നാൽ, മജിസ്‌ട്രേട്ടിന്റെ ഉത്തരവ് നീതിനിഷേധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കോടതിവിധിക്കും സർക്കാരിന്റെ നിലപാടിനുമെതിരെ അൻസിബ ഹസൻ ഹൈക്കോടതിയിൽ അപ്പീൽ നൽകും.
അൻസിബയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിലൂടെയുള്ള ലക്ഷ്മിപ്രിയയുടെ പരാമർശത്തിൽ മാന നഷ്ടക്കേസെടുക്കാൻ മാത്രമേ സാധിക്കു. അതിനായി അൻസിബയ്ക്ക് കോടതിയെ സമീപിക്കാമെന്നും ഹർജി തീർപ്പാക്കിക്കൊണ്ട് കോടതി പറഞ്ഞു. നടി ലക്ഷ്മിപ്രിയ, യുട്യൂബ് ചാനൽ ഉടമ സുകുമാർ, അവതാരകൻ സുരേഷ് എന്നിവർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അവഹേളിച്ചെന്നാരോപിച്ചാണ് അൻസിബ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. പാലാരിവട്ടം പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. എന്നാൽ, അതിലും എഫ്ഐആർ രജിസ്റ്റർ ചെയ്‌തില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്.









0 comments