മില്യൺ കുതിപ്പിനിടെ 'ഒഡെസി' എച്ച്ഡി പതിപ്പ് ഓൺലൈനിൽ

ലോസ് ഏഞ്ചൽസ്: മികച്ച പ്രേക്ഷക പ്രതികരണം നേടി മില്യൺ ക്ലബ്ലിലേക്ക് കുതിക്കുന്നതിനിടെ ബിഗ് ബജറ്റ് ചിത്രം ഒഡെസിയുടെ എച്ച്ഡി പതിപ്പ് ഓൺലൈനിൽ. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പതിപ്പ് സമൂഹമാധ്യമമായ എക്‌സിലാണ് പ്രചരിച്ചത്. 25നാണ് ചിത്രം പൂർണമായി എക്സിൽ പ്രത്യക്ഷപ്പെട്ടത് വീഡിയോ നീക്കംചെയ്യുന്നതിന് മുമ്പ് 20 ലക്ഷത്തോളം പേർ കണ്ടതായാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് ചിത്രത്തിന്റെ വിതരണക്കാരായ യൂണിവേഴ്സൽ പിക്ചേഴ്സ് നിയമനടപടി സ്വീകരിച്ചു. വീഡിയോ പങ്കുവച്ച അക്കൗണ്ട് സസ്പെൻഡ് ചെയ്തു.
സിനിമയുടെ വ്യാജ പതിപ്പ് പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ട, ഉടൻ തന്നെ നീക്കം ചെയ്തെന്നും ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും യൂണിവേഴ്സൽ സ്റ്റുഡിയോസ് പ്രസ്താവനയിൽ പറഞ്ഞു. ജൂലൈ 17നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ഹോമറിന്റെ ഇതിഹാസ കാവ്യമായ ഒഡെസിയെ ആസ്പദമാക്കി നോളൻ ഒരുക്കിയ ചിത്രം വിമർശനങ്ങൾ നേരിട്ടെങ്കിലും ബോക്സോഫീസിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നു. 640 മില്യൺ ഡോളർ ചിത്രം ഇതുവരെ നേടിയതായാണ് റിപ്പോർട്ട്. മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള ചിത്രം പൂർണമായും 70 എംഎം ഐമാക്സ് ഫിലിം ക്യാമറകളിലാണ് ചിത്രീകരിച്ചത്.









0 comments