ad
Deshabhimani

യുദ്ധം ചുട്ടു പൊള്ളിക്കുന്നു; പട്ടിണി വേതനത്തിനെതിരെ ഡൽഹിയിൽ തൊഴിലാളി സമരകാഹളം

Noida protest
വെബ് ഡെസ്ക്

Published on Apr 18, 2026, 01:17 PM | 1 min read

ന്യൂഡൽഹി: ഇറാനിൽ അമേരിക്ക നടത്തുന്ന യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ തൊഴിലാളികളെ അണിനിരത്തി സിഐടിയു നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭം ഡൽഹി അതിർത്തികളിൽ ശക്തമാകുന്നു. സമാധാനപരമായി സമരം ചെയ്യുന്ന തൊഴിലാളികളെ വേട്ടയാടുന്ന സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.


പ്രമുഖ സിഐടിയു നേതാവ് ഗംഗേശ്വർ ദത്ത് ശർമ്മ ഉൾപ്പെടെയുള്ളവരെ വീട്ടുതടങ്കലിലാക്കിയും നൂറുകണക്കിന് പ്രവർത്തകരെ തടവിലാക്കിയും സമരത്തെ തകർക്കാനാണ് ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകൾ ശ്രമിക്കുന്നതെന്ന് യൂണിയൻ കുറ്റപ്പെടുത്തി.


യുദ്ധകാലത്തെ പകൽക്കൊള്ളയ്ക്കെതിരെ പോരാട്ടം


അമേരിക്ക ഇറാനിൽ നടത്തുന്ന യുദ്ധത്തിന്റെ മറവിൽ പാചകവാതകത്തിനും നിത്യോപയോഗ സാധനങ്ങൾക്കും ഉണ്ടായ അമിത വിലവർദ്ധനവ് തൊഴിലാളികളുടെ നടുവൊടിച്ചിരിക്കുകയാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.യുദ്ധ പശ്ചാത്തലത്തിൽ ക്രമാതീതമായി വർദ്ധിച്ച പാചകവാതക വില സാധാരണക്കാരന്റെ അടുക്കള പൂട്ടിച്ചു.


ഈ സാഹചര്യത്തിൽ കുറഞ്ഞ വേതനം 20,000 രൂപയാക്കി ഉയർത്താതെ പിന്നോട്ടില്ലെന്ന് സിഐടിയു ജില്ലാ കമ്മിറ്റികൾ പ്രഖ്യാപിച്ചു. നാമമാത്രമായ വേതന വർദ്ധനവ് പ്രഖ്യാപിച്ച് തൊഴിലാളികളെ വഞ്ചിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.


അറസ്റ്റും വേട്ടയാടലും സമരവീര്യം കൂട്ടുന്നു


നോയിഡയിലെയും മനേസറിലെയും വ്യാവസായിക മേഖലകളിൽ സിഐടിയു പ്രവർത്തകർക്ക് നേരെ പോലീസ് അഴിച്ചുവിട്ട ലാത്തിച്ചാർജ്ജും കൂട്ട അറസ്റ്റും പ്രക്ഷോഭം കൂടുതൽ വ്യാപിക്കാൻ കാരണമായി. സ്ത്രീ തൊഴിലാളികളെ പോലും ക്രൂരമായി മർദ്ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സമര നേതാക്കൾ പറഞ്ഞു.


നേതാക്കളെ തടങ്കലിലാക്കിയതുകൊണ്ട് തൊഴിലാളി വർഗ്ഗത്തിന്റെ പോരാട്ടവീര്യം ഇല്ലാതാക്കാൻ കഴിയില്ലെന്ന് പ്രക്ഷോഭകാരികൾ മുന്നറിയിപ്പ് നൽകി.


തുടർസമരങ്ങളിലേക്ക് വ്യവസായ മേഖല


സിഐടിയുവിന്റെ ആഹ്വാനപ്രകാരം വരും ദിവസങ്ങളിൽ കൂടുതൽ വ്യാവസായിക യൂണിറ്റുകൾ പണിമുടക്കിലേക്ക് നീങ്ങുകയാണ്. നിലവിൽ നോയിഡ സെക്ടർ 62, 63 മേഖലകളിലെ ഗാർമെന്റ്, ടൈൽ നിർമ്മാണ യൂണിറ്റുകൾ ഭാഗികമായി നിശ്ചലമാണ്. മാന്യമായ തൊഴിൽ സാഹചര്യവും അർഹമായ വേതനവും ഉറപ്പാക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് സമരസമിതി വ്യക്തമാക്കി.




Related News



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home